ചെത്തുതൊഴിലാളിയെ കാട്ടാന ചുഴറ്റിയെറിഞ്ഞു
Friday, March 14, 2025 1:49 AM IST
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കള്ളു ചെത്ത് തൊഴിലാളിക്കു ഗുരുതരമായി പരിക്കേറ്റു. ഫാം മൂന്നാം ബ്ലോക്കിലെ ചെത്തു തൊഴിലാളിയായ ആറളം ചെടിക്കുളത്തെ തേക്കിലക്കാട്ടിൽ ടി.കെ. പ്രസാദിനെയാണ് (50) കാട്ടാന ആക്രമിച്ചത്.
വാരിയെല്ലുകളും താടിയെല്ലും തോളെല്ലും തകർന്ന പ്രസാദിനെ ഇന്നലെ രാവിലെയാണു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വാരിയെല്ല് തകർന്ന് ശ്വാസകോശത്തിനു പരിക്കേറ്റതായി ഡോക്ടർമാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രസാദിന്റെ അപകടനില തരണം ചെയ്യണമെങ്കിൽ 48 മണിക്കൂർ കഴിയണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ബുധനാഴ്ച വൈകുന്നേരമാണു പ്രസാദ് ഫാം മൂന്നാം ബ്ലോക്കിൽ തെങ്ങ് ചെത്താനായി പോയത്. രാത്രി വൈകിയും എത്താഞ്ഞതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.
ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും എടുത്തിരുന്നില്ല. ഇന്നലെ രാവിലെ മേഖലയിൽ കള്ള് ചെത്താൻ എത്തിയ മറ്റൊരു തൊഴിലാളിയായ സുരേഷാണ് ഫാമിന്റെ കൃഷിയിടത്തിൽ പുഴയോട് ചേർന്ന ഭാഗത്ത് അവശനിലയിൽ പ്രസാദിനെ കണ്ടെത്തിയത്. ആന ആക്രമിച്ച സ്ഥലത്തുനിന്ന് അല്പദൂരം പ്രസാദ് സഞ്ചരിച്ചിരുന്നുന്നതായി അനുമാനിക്കുന്നു.
ആന പിന്നിൽനിന്നു പിടിച്ച് ചുഴറ്റിയെറിഞ്ഞുവെന്നു പ്രസാദ് പറഞ്ഞതായി സുരേഷ് വെളിപ്പെടുത്തി. താടിയെല്ലിന് പരിക്കുപറ്റിയ പ്രസാദിനു സംസാരിക്കാൻ കഴിയുന്നില്ല. ബുധനാഴ്ച വൈകുന്നേരം 6.30 വരെ പ്രസാദിനെ കൃഷിയിടത്തിൽ കണ്ടിരുന്നതായും പറയപ്പെടുന്നു. വിളിച്ചപ്പോൾ കുറച്ചുകഴിഞ്ഞ് വരാമെന്നു പറഞ്ഞതായി സഹപ്രവർത്തകർ പറയുന്നു.
പ്രസാദിനെ കാണാതായ വിവരം ബന്ധുക്കളോ നാട്ടുകാരോ പോലീസിന്റെയോ വനം വകുപ്പിന്റെയോ ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ല. ആനശല്യം രൂക്ഷമായതിനാൽ ഫാമിന്റെ എല്ലാ ബ്ലോക്കുകളിലൂടേയും വനം വകുപ്പിന്റെ രാത്രികാല പരിശോധനയും മറ്റുമുണ്ടാകാറുണ്ട്. ഒരാഴ്ച മുമ്പ് ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെത്തുടർന്ന് മേഖലയിൽ വനംവകുപ്പിന്റെ സ്ഥിരം സാന്നിധ്യവും അധികൃതർ ഉറപ്പാക്കിയിരുന്നു.
പ്രസാദ് സംസരിച്ചു തുടങ്ങിയാൽ മാത്രമേ യഥാർഥത്തിൽ എന്താണ് നടന്നതെന്ന് അറിയാൻ കഴിയുകയുള്ളൂ. ഇതിനിടെ ബന്ധുക്കൾ പ്രസാദിന് മികച്ച ചികിത്സ നൽകാനായി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാരുടെ ഉപദേശം തേടിയിരുന്നു. സംഭവത്തിൽ വനംവകുപ്പും പോലീസും അന്വേഷണം ശക്തമാക്കി.