3,872 റേഷന്‍ കടകള്‍ നിര്‍ത്തലാക്കാന്‍ ശിപാര്‍ശ
Friday, March 14, 2025 1:49 AM IST
കോഴിക്കോട്: സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന 3,872 റേഷന്‍ കടകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വകുപ്പുതല സമിതിയുടെ ശിപാര്‍ശ. ഒരു റേഷന്‍കടയില്‍ പരമാവധി 800 കാര്‍ഡ് വരത്തക്ക വിധത്തില്‍ നിലവിലുള്ള കടകള്‍ ക്രമീകരിച്ച് റേഷന്‍ കടകളുടെ എണ്ണം പതിനായിരം ആക്കാനാണു ശിപാര്‍ശ. 2024 മാര്‍ച്ച് 31- ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 94,31,027 റേഷന്‍ കാര്‍ഡുകളും 13,872 റേഷന്‍ കടകളുമാണുള്ളത്.
ദേശീയഭക്ഷ്യ ഭദ്രതാനിയമം 2013 നടപ്പാക്കിയതിനുശേഷമുള്ള റേഷന്‍വ്യാപാരികളുടെ സാമ്പത്തികവും നിയമപരവും ഭരണപരവുമായ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു റേഷനിംഗ് കണ്ട്രോളര് കെ. മനോജ്കുമാര്‍ കണ്‍വീനറും വിജിലന്‍സ് ഓഫീസര്‍ എസ്.എസ്. അനിദത്ത്, ലോ ഓഫീസര്‍ കെ. ഉഷ എന്നിവര്‍ അംഗങ്ങളായും സര്‍ക്കാര്‍ വകുപ്പുതല സമിതിയെ നിയോഗിച്ചത്.
പരമാവധി 800 കാര്‍ഡുകള്‍ മാത്രം അനുവദിച്ച് ഓരോ റേഷന്‍ കടയെയും ലാഭകരമാക്കുക എന്നതാണു റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ. നിലവില്‍ 15 ക്വിന്റലിനു താഴെ വിതരണം നടത്തുന്ന 85 റേഷന്‍കടകള്‍ സംസ്ഥാനത്തുണ്ട്. ഇതു കൂടുതലും തെക്കന്‍ജില്ലകളിലാണ്. ഇത്തരം കടകള്‍ തുടരണമോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
നീല കാര്‍ഡ് വിഭാഗങ്ങള്‍ക്കുള്ള അരിയുടെ വില നാലു രൂപയില്‍നിന്ന് ആറു രൂപയാക്കാന്‍ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. ഇതുവഴി പ്രതിമാസം 3.14 കോടി രൂപ സര്‍ക്കാരിനു ലഭിക്കും. ഇതോടൊപ്പം റേഷന്‍ വ്യാപാരികള്‍ അധികമായി സര്‍ക്കാരിലേക്ക് അടയ്ക്കുന്ന 60 പൈസയും ചേര്‍ത്താല്‍ ഒരു വര്‍ഷം സര്‍ക്കാരിന് 50 കോടി വരുമാനം അധികമുണ്ടാവും.
ഈ തുകയില്‍നിന്ന് ഒരു വിഹിതം റേഷന്‍ വ്യാപാരികളുടെ വേതന വര്‍ധനയ്ക്കും ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനും ഉപയോഗിക്കാന്‍ സാധിക്കും. റേഷന്‍ കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍ കാര്‍ഡുകളുടെ തിയറിറ്റിക്കല്‍ റിക്വയര്‍മെന്റ് അനുസരിച്ചുള്ള കമ്മീഷന് നിര്‍ണയം അശാസ്ത്രീയമാണെന്നും അത് അവസാനിപ്പിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു.
ഓരോ കടയിലും വില്‍ക്കുന്ന റേഷന്‍ സാധനങ്ങളുടെ ഓഫ് ടേക്കിന്റെ അടിസ്ഥാനത്തിലാകണം കമ്മീഷന് നിശ്ചയിക്കുന്നത്. റേഷന്‍ കടകളെ വൈവിധ്യവത്കരിച്ച് കൂടുതല്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കെ-സ്റ്റോര്‍ പദ്ധതിയില്‍ പരമാവധി റേഷന്‍ കടകളെ ഉള്‍പ്പെടുത്തണം.
ഒരു ലൈസന്‍സിയുടെ അഡീഷണല്‍ ചാര്‍ജില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കടകളെ 800 കാര്‍ഡുകളുള്ള കടകളാക്കി മാറ്റണം. അങ്ങനെ വന്നാല്‍ എല്ലാവര്ക്കും കടകള്‍ ലാഭകരമായി നടത്താന്‍ സാധിക്കും. പുതിയ റേഷന്‍കടകള്‍ അനുവദിക്കുന്നതു നിയന്ത്രിക്കണമെന്നും ശിപാര്‍ശയുണ്ട്. റേഷന്‍കടകളുടെ സമയം ഒമ്പതു മണി മുതല്‍ ഒരു മണി വരെയും നാലു മുതല്‍ ഏഴു വരെയുമായി പുതുക്കി നിശ്ചയിക്കണം.
റേഷന്‍ കട നടത്തുന്നതിനു പഞ്ചായത്ത് ലൈസന്‍സ് ആവശ്യമാണോ എന്ന് പരിശോധിക്കുക, സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്ന കാര്യം പരിശോധിക്കുക, പഞ്ചസാരയുടെ വിതരണവില വര്‍ധിപ്പിച്ചു വ്യാപാരികളുടെ കമ്മീഷനില്‍ വര്ധനവരുത്തുക തുടങ്ങിയ ശിപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. 2018 മുതല്‍ മാറ്റമില്ലാതെ തുടരുന്ന റേഷന്‍ വ്യാപാരികളുടെ വേതനവ്യവസ്ഥയില്‍ സമയബന്ധിതമായ പരിഷ്കരണം വേണമെന്ന വ്യാപാരികളുടെ ആവശ്യത്തെ റിപ്പോര്‍ട്ട് പിന്താങ്ങുന്നു.
സര്‍ക്കാരില്‍നിന്നു സാമ്പത്തികസഹായം നേടുന്നതിനായി വേതനം വര്‍ധിപ്പിക്കുന്നതു സുസ്ഥിരമായ ഒരു പരിഹാരമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭാവിയില്‍ ഇത് ഒരു വലിയ പ്രതിസന്ധിയിലേക്കു നയിച്ചേക്കാം.
പകരം, ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരമ്പരാഗത ന്യായ വില ഷോപ്പുകള്‍ നവീകരിക്കാന്‍ ലക്ഷ്യമിടുന്ന കെ സ്റ്റോര്‍ പദ്ധതിയിലൂടെ റേഷന്‍ കടകള്‍ വൈവിധ്യവല്‍ക്കരിക്കാനും കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും സമിതി നിര്‍ദേശിക്കുന്നു.
കഴിഞ്ഞ വര്‍ഷാവസാനം ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന് സമര്‍പ്പിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ ചര്‍ച്ച ചെയ്യുകയോ ശിപാര്ശയിന്മേല് നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.
സംസ്ഥാനത്ത് 10,000 രൂപയില്‍ താഴെ കമ്മീഷനുള്ള വ്യാപാരികള്‍ 146 പേരാണ്. 10,000 മുതല്‍ 15,000 വരെ കമ്മീഷന് ലഭിക്കുന്ന ഡീലര്‍മാര്‍ 827 പേരും.15,000 മുതല്‍ 18,000 വരെ കമ്മീഷന് ലഭിക്കുന്ന 1,186 വ്യാപാരികള്‍ ഉണ്ട്. 18,000 ത്തിനു മുകളില്‍ കമ്മീഷന് ലഭിക്കുന്ന 11,713 കടക്കാര് ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജനങ്ങളോടുള്ള വെല്ലുവിളിയെന്ന്
സംസ്ഥാനത്ത് 3,872 റേഷന്‍ കടകള്‍ അടച്ചുപൂട്ടാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലിയും പ്രസ്താവനയില്‍ പറഞ്ഞു.
റേഷന്‍ കടകള്‍ക്ക് താഴിട്ടുകൊണ്ടായിരിക്കരുത് റേഷന്‍ വ്യാപാരികളുടെ കമ്മീഷന് വര്‍ധിപ്പിക്കല്‍. നിലവിലുള്ള കടകള്‍ പൂട്ടരുതെന്നും പുതിയ കടകള്‍ക്ക് അനുമതി നല്‍കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.