അമ്മയും മകളും ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു
Friday, March 14, 2025 1:49 AM IST
എടത്വാ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കേളമംഗലം വിജയ നിവാസില്‍ പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകള്‍ പ്രിയ (46), പ്രിയയുടെ മകൾ കൃഷ്ണപ്രിയ (15) എന്നിവരെയാണ് ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടത്.
മകളുടെ പഠനമികവിലെ ആശങ്കയില്‍ മാനസിക സമ്മര്‍ദം താങ്ങാനാകാതെയാണ് പ്രിയയും മകളും ആത്മഹത്യ ചെയ്തതെന്നാണ് സൂചന.ഇന്നലെ ഉച്ചയ്ക്ക് 1.35ന് തകഴി ആശുപത്രി ലെവല്‍ ക്രോസിന് സമീപത്തായിരുന്നു സംഭവം.
അമ്പലപ്പുഴയിലെ സ്വകാര്യ ഇംഗ്ലീഷ് മിഡിയം സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നെങ്കിലും കഴിഞ്ഞ പരീക്ഷയില്‍ ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം തെറ്റിച്ചെന്ന കാരണത്താല്‍ അമ്മ പ്രിയ മാനസിക സമ്മര്‍ദത്തിലായിരുന്നു.
വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്കായി ജോലി ചെയ്യുന്ന പ്രിയ മകളുടെ പഠനവുമായി ബന്ധപ്പെട്ട് അവധിയിലായിരുന്നു. കുടുംബ പ്രശ്നങ്ങള്‍ക്കൊപ്പം മകള്‍ക്ക് പഠന നിലവാരം കുറവാണെന്ന ആശങ്കയില്‍ മാനസിക സമ്മര്‍ദം താങ്ങാനാകാത്ത പ്രിയ ദിവസങ്ങള്‍ക്ക് മുന്‍പ് കൗണ്‍സലിംഗില്‍ പങ്കെടുത്തിരുന്നു.
ഇന്നലെ പരീഷ ഇല്ലാത്തതിനാല്‍ മകളെ ഒപ്പം കൂട്ടി പ്രിയ ജോലി ചെയ്യുന്ന വീയപുരം പഞ്ചായത്തില്‍ എത്തി. ഒരു മണി വരെ പഞ്ചായത്ത് ഓഫീസില്‍ കഴിച്ചു കൂട്ടിയ പ്രിയ ഉച്ചയ്ക്ക് 1.15 ന് തകഴി ആശുപത്രി റെയില്‍വേ ക്രോസിന് സമീപം സ്കൂട്ടര്‍വച്ച ശേഷം മകളെ പിടിച്ചു വലിച്ചുകൊണ്ട് ട്രെയിന്‍ മുന്നിലേക്ക് ചാടുകയായിരുന്നു. മകളുമായി പഞ്ചായത്തില്‍ എത്തിയ പ്രിയ കടുത്ത മാനസികസമ്മര്‍ദം പ്രകടിപ്പിച്ചിരുന്നതായി ജീവനക്കാര്‍ പറയുന്നു.
ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് മഹേഷ് കുമാറുമായി (കണ്ണന്) ഏറെ നാളായി കുടുംബപ്രശ്നം നിലനിന്നിരുന്നു. ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണ്. കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്.
കുടുംബ പ്രശ്നങ്ങളില്‍ മനംനൊന്ത് കഴിയുമ്പോഴാണ് മകളുടെ പഠന മികവിലെ ആശങ്ക പ്രിയയെ കടുത്ത മാനസിക സമ്മര്‍ദത്തില്‍ എത്തിച്ചത്.