അവധി കിട്ടാത്തതിനു നാടകഗാനം; എസ്ഐ തെറിച്ചു
Friday, March 14, 2025 12:04 AM IST
കോഴിക്കോട്: അവധി ലഭിക്കാത്തതിന്റെ വിഷമത്തില്‍ പരിഹാസരൂപേണ നാടകഗാനം വാട്സാപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത എസ്ഐക്കു സ്ഥലംമാറ്റം.
ഏലത്തൂര്‍ സ്റ്റേഷനിലെ എസ്ഐയെയാണ് ഫറോഖ് എസിപിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്ഥലംമാറ്റിയത്. ആവശ്യത്തിന് അവധി എസ്ഐക്കു ലഭിച്ചിട്ടുണ്ടെന്നാണ് മേലുദ്യോഗസ്ഥരുടെ നിലപാട്.
അവധി അനുവദിച്ചില്ല എന്നാരോപിച്ച് പോലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ‘പാമ്പുകള്‍ക്കു മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്, മനുഷ്യപുത്രനു തല ചായ്ക്കാന്‍ മണ്ണിനിടമില്ല...’എന്ന നാടകഗാനമാണ് എസ്ഐ പോസ്റ്റ് ചെയ്തത്.
ഇത് മേലുദ്യോഗസ്ഥരെ പരിഹസിക്കുന്നതിനു തുല്യമാണെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് എസിപി ഇതുസംബന്ധിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കിയത്. ഈ വര്‍ഷം ഇതുവരെയായി എസ്ഐ 20 ഓളം അവധിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഫറോക്ക് സ്റ്റേഷനിലേക്കാണ് എസ്ഐയെ മാറ്റിയത്.