ഡിസിഎൽ ബാലരംഗം
Friday, March 14, 2025 1:49 AM IST
കൊച്ചേട്ടന്റെ കത്ത്
മയക്കുമരുന്നിൽ മരുന്നില്ല; മരണമാണ്
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ഇതു കൊടുങ്കാറ്റുകൾ വീശുന്ന കാലം. വാത്സല്യവിളക്കുകൾ ഈ കൊടുങ്കാറ്റിൽ കെട്ടുവീഴുന്നതിന്റെ ദുരിത ദൃശ്യങ്ങൾ കാണാനാകാതെ കാലിക കേരളം മിഴിപൂട്ടുകയാണ്. മയക്കുമരുന്ന് എന്ന മാരക വിപത്തിന്റെ പൈശാചിക ദ്രംഷ്ടകളിൽ പിടഞ്ഞുടയുന്ന ബാല -കൗമാര യുവലോകം, കേരളത്തെ, ഇതുവരെ അറിയാത്ത അപായ ഭീതിയുടെ മുനന്പിലെത്തിച്ചിരിക്കുന്നു! രാസലഹരിക്കടിമയായി മൃഗീയമായ ക്രൂരതയോടെ അമ്മയുടെ കഴുത്തറുക്കുന്ന മകൻ പറയുന്നു, ജനിപ്പിച്ചതിന്റെ സമ്മാനമാണെന്ന്!
സ്വന്തം അമ്മയേയും അനുജനേയും മുത്തശ്ശിയേയുമൊക്കെ ചുറ്റികയ്ക്കടിച്ച് തല പിളർത്തിയവൻ പോലീസ് സ്റ്റേഷനിലേക്ക് പോകുന്പോൾ മൊബൈലിൽ ഗെയിം കളിക്കുന്നു! ക്ലാസ് മുറികൾ അറിവുണർവിന്റെ അക്ഷരപൂജാ ക്ഷേത്രങ്ങളായിരുന്ന മലയാണ്മയുടെ ഗൃഹാതുരകാലത്തിനു ശവക്കുഴി തോണ്ടിക്കഴിഞ്ഞു, ഇന്നത്തെ ഒരു പറ്റം വിദ്യാർഥികൾ! സഹപാഠികൾക്ക് മയക്കുമരുന്ന് കൊടുത്ത്, കൊടും ചതിക്കുഴിയിലേക്ക് തള്ളിവീഴ്ത്തുന്ന ക്രൂരത കൗമാരത്തോളമെത്തി. സഹപാഠിയെ വട്ടംകൂടി ക്രൂരമായി തല്ലിക്കൊല്ലുന്ന സാത്താന്റെ സന്തതികൾ! റാഗിംഗ് എന്ന മൃഗയാ വിനോദത്തിനിരയാക്കി, കൂട്ടുകാരനെ, കോന്പസുകൊണ്ടു വരഞ്ഞു കീറുന്ന കണ്ണുപൊട്ടിയ ക്രൂരത! പ്രണയം അഭിനയിച്ച് പെൺകുട്ടികളെ വശീകരിച്ച്, മയക്കുമരുന്നിനടിമകളാക്കി, അനേകം അച്ഛനമ്മമാരുടെ ജന്മസ്വപ്നങ്ങളെ ചവിട്ടിയരയ്ക്കുന്ന പെരും നുണയന്മാരുടെ പൈശാചിക കൗശലങ്ങൾ... ഇതു കേരളമാണോ, ഇതായിരുന്നോ, നമ്മുടെ കേരളം?
കൂട്ടുകാരേ, ഇതായിരുന്നില്ല, കേരളം! ഇന്ത്യയിലെ പ്രഥമ സാക്ഷരസംസ്ഥാനമെന്ന ഖ്യാതി ഇന്നീ നാടിന് അപഖ്യാതിയായി. ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര്, പൈശാചികതയുടെ പെരുങ്കളിയാട്ടക്കാർ, അയൽക്കാരന്റെ ചോരകൊണ്ട് മായ്ച്ചുകളഞ്ഞു! അക്ഷരഗുരു, പെരുന്പടവം ശ്രീധരന്റെ വാക്കുകളിൽ ഇതു കെട്ടകാലമാണ്. നന്മയുടെ വെട്ടം കെട്ട കാലം!
വെളിച്ചമാണ് എന്നു ധരിച്ച് ഇരുട്ടു തിന്നുന്ന ഈ തലമുറയിൽ, മരുന്നാണ് എന്നു കരുതി, മരണം നുണയുന്ന, ഈ സമൂഹത്തോട്, കേരള സംസ്കാരത്തിന്റെ ഇരുട്ടു തുടച്ചുനീക്കാൻ അക്ഷരദീപമായി ജ്വലിച്ചുനിൽക്കുന്ന ദീപിക പറയുന്നത്, ""നമുക്കു ദീപമാകാം, ദീപമേകാം'' എന്ന ദർശനമാണ്!
മയക്കുമരുന്നിൽ മരുന്നില്ല കൂട്ടുകാരേ, മരണം മാത്രമേയുള്ളൂ. മയക്കുമരുന്ന് ഒരിക്കൽ കഴിച്ചാൽ ആ വ്യക്തിയിൽ, സൽസ്വഭാവം മരിക്കുകയാണ്. നല്ല ശീലങ്ങളും ജീവിത ലക്ഷ്യങ്ങളും ഔന്നത്യമുള്ള മൂല്യബോധങ്ങളും മരിക്കുകയാണ്. ബന്ധങ്ങളിൽ ഇരുട്ടുകയറി, അമ്മയേയും പെങ്ങളേയും മക്കളേയും സഹോദരങ്ങളേയും തിരിച്ചറിയാൻ പറ്റാതെ കുടുംബത്തിൽ നരകം വിതയ്ക്കുകയാണ്!
ഒരിക്കലും ലഹരി ഉപയോഗിക്കരുതെന്നു പറയുന്പോൾ, ഒന്നു രുചിച്ചാൽ എന്താ കുഴപ്പം എന്നു ചിന്തിക്കുന്നവരാണധികം. ഡിസിഎൽ ലഹരിവിരുദ്ധ ഗാനത്തിലെ വരികൾ ഓർത്തുകൊള്ളുക: ""വെറുതെ അറിയാനെന്നാലും മുഖ, മരിവാൾത്തലയിലമർത്താമോ? ഒരു നേരത്തേക്കെന്നാലും തീ ക്കൊള്ളിയിലുമ്മ കൊടുക്കാമോ?'' അതെ, ഒരു നേരത്തേക്കു മാത്രമെങ്കിൽപ്പോലും ചെയ്യാൻ പാടില്ലാത്ത പലതുമുണ്ട് ജീവിതത്തിൽ!
""ലഹരിക്കെണികളിൽ കൂട്ടില്ല, കുതികാൽ വെട്ടും പൂട്ടാണ്'' എന്നും, ""ചിരി പകരും ചങ്ങാതികൾ പലരും ചതിയുടെ വ്യാപാരികളാണ്'' എന്നും, ദീപിക ബാലസഖ്യത്തിലെ ആയിരക്കണക്കിനു കൊച്ചുകൂട്ടുകാർ ഡിസിഎൽ കലോത്സവ വേദികളിൽ ഇന്ന് ആർത്തുപാടുന്നുണ്ട്!
കൂട്ടുകാരേ, ജീവിതത്തെ ലഹരിക്ക് ബലികൊടുക്കുന്നതിൽ ഹീറോയിസമില്ല, ഉറച്ച ജീവിതലക്ഷ്യം നേടാനായി ലഹരിയെ ബലിചെയ്യുന്നതല്ലേ ഹീറോയിസം. ദുഃശീലങ്ങളെ ദൂരെയെറിയുന്നതും വഴിപിഴപ്പിക്കുന്ന ചീഞ്ഞ ചങ്ങാതിമാരുടെ കൂട്ട് വെട്ടിക്കളയുന്നതും പ്രലോഭിപ്പിക്കാൻ വരുന്നവരുടെ മുന്നിൽ കുടുംബത്തിൽ പിറന്ന മക്കളുടെ ചങ്കുറപ്പോടെ നേരേനിന്ന്, പോമോനേ ദിനേശാ എന്ന് വിരൽ ചൂണ്ടിപ്പറയുന്നതുമല്ലേ ഹീറോയിസം! അതേ കൂട്ടുകാരേ, നമുക്ക് ഇന്നും നാളെയും കുടുംബത്തിലും നാട്ടിലും നന്മയുടെ തേർതെളിക്കുന്ന ധീരതയുള്ള, നേരിന്റെ പോരാളികളാകാം.
ആശംസകളോടെ,സ്വന്തം കൊച്ചേട്ടൻ
ലഹരിക്കെതിരേ യുദ്ധകാഹളവുമായി ദീപികയും ദീപിക ബാലസഖ്യവും
മയക്കുമരുന്നുവ്യാപാരികളുടെ ലഹരിക്കച്ചവടത്തിന്റെ ഇരകളായി, മലയാളി ബാല്യവും യുവത്വവും കേരളത്തിൽ ഇന്നു നശിച്ചുവീഴുകയാണ്! ലഹരിവിരുദ്ധ സ്ക്വാഡുകൾ നാടുനീളെ വലവിരിക്കുന്പോഴും അധ്യാപകരും മാതാപിതാക്കളും ബാലലോകത്തെ ബോധവത്കരിക്കാൻ രാപകൽ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കുന്പോഴും ഓരോ വിദ്യാലയത്തിലും ലഹരിക്കടിപ്പെടുന്നവരുടെ എണ്ണം പ്രതിദിനം പെരുകുകയാണ്. കളിക്കൂട്ടുകാർപോലും മയക്കുമരുന്നു വ്യാപാരത്തിന്റെ ഇടനിലക്കാരായി മാറുന്ന ഭയാനകമായ അരക്ഷിതാവസ്ഥയാണ് കേരളത്തിന്റെ വിദ്യാർഥിലോകത്തെ വൻ ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.
രാസലഹരിയും എംഡിഎംയും മറ്റു മാരകമായ മയക്കുമരുന്നുകളും ഒരിക്കൽമാത്രം ഉപയോഗിച്ചാൽ പിന്നെ ഒരിക്കലും മോചനമില്ലാത്ത മരണക്കെണിയിലാണ് വിദ്യാർഥികൾ ചെന്നുവീഴുന്നത്! വെറും നൈമിഷികമായ മായാലോകത്തിൽ സ്വയം നഷ്ടപ്പെടുത്താനുള്ള ക്രൂരരായ ലഹരിക്കച്ചവടക്കാരുടെ ഈ ചതിക്കുഴിയിൽ, ഈയാംപാറ്റകളെപ്പോലെ ചെന്നുവീഴുന്നത് ആകാശത്തോളം പ്രതീക്ഷകളുമായി മാതാപിതാക്കൾ പ്രാണൻ കൊടുത്തുവളർത്തുന്ന പൊന്നോമന മക്കളാണ്!
മയക്കുമരുന്നിന് അടിമകളായ മക്കൾ മാതാപിതാക്കളേയും കൂടപ്പിറപ്പുകളേയും വാഴത്തട വെട്ടിയരിയുന്നതുപോലെ കൊന്നുതള്ളുന്ന പൈശാചിക ദൃശ്യങ്ങൾകൊണ്ട്, ദൃശ്യശ്രാവ്യമാധ്യമങ്ങൾ നിറഞ്ഞുകവിയുകയാണ്.
ലക്ഷ്യംമുറിഞ്ഞ്, വഴിതെറ്റി വീഴുന്ന ബാല-യുവലോകത്തെ, ഒരു പ്രതിബോധ നിർമ്മിതിയിലൂടെ മാത്രമേ പുനരുദ്ധരിക്കാനാവൂ. ഈ ദൗത്യമാണ്, സർക്കാരിനോടും മറ്റു നിരവധി സന്നദ്ധസേവന സംവിധാനങ്ങളോടൊപ്പം മലയാളത്തിന്റെ പ്രഥമദിനപത്രമായ ദീപികയും ദീപിക ബാലസഖ്യവും ചേർന്നു നിർവഹിക്കുന്നത്.
ആൺ-പെൺ വ്യത്യാസമില്ലാതെ, ലഹരിക്കടിപ്പെടുന്ന വിദ്യാർഥികളോട്, മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ് എന്ന സത്യം വിളിച്ചുപറഞ്ഞുകൊണ്ട്, ദീപിക ബാലസഖ്യം ബാലമനസുകളിൽ ഒരു ഉണർത്തുപാട്ടാവുകയാണ്.
പരീക്ഷാക്കാലമാണെങ്കിലും രണ്ടു മിനിറ്റു ദൈർഘ്യമുള്ള ഒരു പ്രതിജ്ഞ രണ്ടായിരം ഡിസിഎൽ സ്കൂളുകളിലെ ലക്ഷക്കണക്കിനു വിദ്യാർഥികൾ ഏറ്റുചൊല്ലുകയാണ്.
പ്രതിജ്ഞയുടെ ഉള്ളടക്കവും ലഹരിവിരുദ്ധ ഗാനത്തിന്റെ ആശയവും വിദ്യാർഥികളിൽ ഒരു പുതുബോധനിർമ്മിതി സാധ്യമാക്കട്ടെ.
ഡിസിഎൽ അവധിക്കാല ക്യാന്പുകൾ: രജിസ്ട്രേഷൻ തുടരുന്നു
കോട്ടയം: ദീപിക ബാലസഖ്യം മധ്യവേനൽ അവധിക്കാലത്തു സംഘടിപ്പിക്കുന്ന ജീവിതദർശന - വ്യക്തിത്വ വികസന ക്യാന്പുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, തൊടുപുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ഡിസിഎൽ പ്രവിശ്യകളുടെ നേതൃത്വത്തിലാണ് ക്യാന്പുകൾ സംഘടിപ്പിക്കുന്നത്.
പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, ഗോൾ സെറ്റിങ്ങ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ലീഡർഷിപ്പ്, ടീം ബിൽഡിംഗ് , ടൈം മാനേജ്മെന്റ്, സ്ട്രെസ്സ് മാനേജ്മെന്റ്, ഹെൽത്തി റിലേഷൻഷിപ്പ്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും.
ഗെയിംസ്, ആക്ടിവിറ്റീസ്, ചർച്ച, ഉല്ലാസയാത്ര, കാൻഡിൽ ഡിന്നർ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിന് മാറ്റുക്കൂട്ടും. ക്യാന്പുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അതതു ഡിസിഎൽ പ്രവിശ്യാ കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട നന്പരുകൾ: കണ്ണൂർ - ജോർജ് തയ്യിൽ - 9349599039, കോഴിക്കോട് - ഫാ. സായ് പാറൻകുളങ്ങര - 9544285018, തൃശൂർ - സിസ്റ്റർ സൗമ്യ എഫ്സിസി - 8330872008, എറണാകുളം - ജി.യു. വർഗീസ് - 9496449230, കോട്ടയം - വർഗീസ് കൊച്ചുകുന്നേൽ - 62382 19465., തൊടുപുഴ - റോയ് ജെ. കല്ലറങ്ങാട്ട് - 9497279347, ഇടുക്കി - എം.വി. ജോർജുകുട്ടി - 9447205828, പത്തനംതിട്ട - മാത്യുസൺ പി. തോമസ് - 9447256681, കൊല്ലം - സിജു ജോർജ് -9447590221, തിരുവനന്തപുരം - ഇ.വി. വർക്കി - 9349599028.
ആറു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ക്യാന്പിൽ പങ്കെടുക്കാൻ അവസരമുള്ളത്.
ഓരോ ക്യാന്പിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുക. പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ മാർച്ച് 15-നു മുന്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ദീപിക - ദീപിക ബാലസഖ്യം
കിക്ക് ഔട്ട്
“മയക്കുമരുന്നിൽ മരുന്നില്ല; മരണമാണ്’’
ലഹരിവിരുദ്ധ പ്രതിജ്ഞ
സമൂഹ ജീവിതത്തിന് / വെല്ലുവിളിയുയർത്തി / തലമുറകളെ/ സർവനാശത്തിലേക്ക് / തള്ളിവിടുന്ന / മദ്യം, മയക്കുമരുന്ന് / ഉൾപ്പെടെയുള്ള / ലഹരിക്കെതിരേ ഞാൻ പോരാടും. / ലഹരിവിമുക്തവിദ്യാലയങ്ങൾ / ലക്ഷ്യമുറച്ച വിദ്യാർഥികൾ / സുരക്ഷിത കുടുംബം / സുഭദ്രകേരളം / ഉണരുന്ന തലമുറ / ഉയരുന്ന ഭാരതം / എന്നീ ലക്ഷ്യങ്ങൾക്കായുള്ള / ദീപിക ബാലസഖ്യത്തിന്റെ / പോരാട്ടങ്ങളിൽ / ഞാൻ പങ്കുചേരുന്നു. / “മയക്കുമരുന്നിൽ മരുന്നില്ല; / മരണമാണ്’’ / എന്ന സത്യം / ഞാൻ തിരിച്ചറിയുന്നു
കുടുംബങ്ങളെ തകർക്കുന്ന / ബന്ധങ്ങൾ ശിഥിലമാക്കുന്ന/ എന്റെ ഭാവിയും / പ്രതീക്ഷകളും സ്വപ്നങ്ങളും / അന്തസും അഭിമാനവും / ആരോഗ്യവും കവർന്നെടുക്കുന്ന / ലഹരി ഉല്പന്നങ്ങൾ / ഒരിക്കലും ഉപയോഗിക്കില്ലെന്നും / ലഹരിക്കെതിരേയും / ലഹരിവിതരണം ചെയ്യുന്ന / സമൂഹ്യവിരുദ്ധ ശക്തികൾക്കെതിരേയുമുള്ള / പ്രവർത്തനങ്ങളിൽ / സജീവമായി അണിചേരുമെന്നും / ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
ജയ് ജയ് ഡിസിഎൽ
ജയ് ജയ് നാം ഒരു കുടുംബം
ആരോഗ്യമുള്ള കുട്ടി, സന്പന്ന രാഷ്ട്രം
ഭാരതം ജയിക്കട്ടെ
ലഹരിവിരുദ്ധ പ്രതിജ്ഞ - വിദ്യാലയത്തിൽ ചെയ്യാവുന്നത്
വിശിഷ്ടാതിഥികളെയും മാനേജ്മെന്റ്, പിടിഎ പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടാവണം പ്രതിജ്ഞ ചൊല്ലേണ്ടത്. എല്ലാ വിദ്യാർഥികളും അധ്യാപകരോടും വിശിഷ്ടാതിഥികളോടുമൊപ്പം നിരന്നുനിന്ന് വലതുകൈ മുന്നോട്ടു നീട്ടിയാണ് പ്രതിജ്ഞ ചൊല്ലുന്നത്. പ്രിൻസിപ്പലോ, വിശിഷ്ടാതിഥികളോ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതാണ് ഉത്തമം. വിദ്യാർഥികൾക്ക് ആവേശത്തോടെ ഏറ്റു ചൊല്ലാം. സാഹചര്യം അനുസരിച്ച് ലഹരിവിരുദ്ധ സന്ദേശവും ഉൾപ്പെടുത്താവുന്നതാണ്.
ദീപിക - ഡിസിഎൽ ‘കിക്ക് ഔട്ട്’ ലഹരിവിരുദ്ധ ഗാനം
കൂട്ടുകാരേ..... കൂട്ടുകാരേ....
മയക്കുമരുന്നിൽ മരുന്നില്ല
മയക്കുമരുന്നിൽ, മരുന്നി, ല്ലെന്നാൽ
മരണത്തിന്റെ മണമാണ്!
മയക്കുമരുന്നിൽ കൊതിയില്ല
മയക്കുമരുന്നിൽ കൊതിയി,ല്ലെന്നാൽ
കൊതിതോന്നിക്കും ചതിയാണ്!
കൂട്ടുകാരേ...
ലഹരിക്കെണികളിൽ കൂട്ടില്ല,
കുതികാൽവെട്ടും പൂട്ടാണ്.
മാരകലഹരിപ്പൊതികളിലെല്ലാം
നരകപിശാചിൻ ചിരിയാണ്!
കൊതിപകരും ചങ്ങാതികൾ, പലരും
ചതിയുടെ വ്യാപാരികളാണ്
കൊതി, മതിയാക്കുക, യെന്തിനുവെറുതേ
പ്രതിയായ് ഭാവിയൊടുക്കേണം!
കൂട്ടുകാരേ...
വെറുതെ അറിയാനെന്നാലും-മുഖം
അരിവാൾത്തലയിലമർത്താമോ?
ഒരുനേരത്തേക്കെന്നാലും-തീ-
ക്കൊള്ളിയിലുമ്മകൊടുക്കാമോ?
പെറ്റുവളർത്തിയ മാതാവിനെയും
പോറ്റും സ്നേഹപിതാവിനെയും
ചുറ്റും വളരും സോദരരേയും
പറ്റിക്കുന്നതു തെറ്റാണേ...
കൂട്ടുകാരേ...
അറിവതു ലഹരി, വിജയം ലഹരി
ഗുരുപാദങ്ങളിൽ സ്തുതി ലഹരി
കലയിൽ ലഹരി കായിക ലഹരി
ജീവിത വിജയമതെൻ ലഹരി
മാന്യത ലഹരി, മാതൃക ലഹരി
മാനവ മൈത്രിയതെൻ ലഹരി
നാമൊരു കുടുംബമെന്നാൽ ലഹരി
നാളെ വിടർത്താം നവപുലരി!
കൂട്ടുകാരേ...
രചന: ഫാ. റോയി കണ്ണൻചിറ CMI
സംഗീതം: ഫാ. ആന്റണി ഉരുളിയാനിക്കൽ CMI