പട്ടുതൂവാലയുടെ സ്പർശം
Friday, March 14, 2025 1:49 AM IST
ഷിജി ജോൺസൺ
കുരിശിന്റെ വഴിയിലെ ആറാം സ്ഥലം.
വെറോണിക്ക കർത്താവിന്റെ തിരുമുഖം തുടയ്ക്കുന്നു...
ഇതിനു മുൻപോ, ശേഷമോ ജെറുസലേമിൽനിന്നുള്ള വെറോണിക്ക എന്ന ഈ പെണ്പേര് പുതിയ നിയമത്തിൽ ഒരിടത്തും പരാമർശിക്കുന്നില്ല. ചാട്ടവാർ അടിയേറ്റ് കുരിശിന്റെ ഭാരത്താൽ പലവുരു നിലത്തുവീണ്, വിയർപ്പും ചെളിയും പുരണ്ട ശരീരവും രക്തം ഒലിക്കുന്ന മുഖവുമായി മുന്നോട്ടു നീങ്ങുന്ന യേശുവിനു മുഖം തുടയ്ക്കാൻ തൂവാലയുമായി ഓടിയെത്തുന്ന വെറോണിക്ക എന്ന പെൺകുട്ടി.
നനുത്ത സ്പർശം
യേശുവിന്റെ പിന്നാലെ ചാട്ടവാറുമായി വരുന്ന ക്രൂരന്മാരായ പടയാളികളോ ഇരുവശത്തും കാഴ്ച കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടമോ വശങ്ങളിൽ ഒളിച്ച ക്രിസ്തുശിഷ്യരുടെ മുഖത്തെ ഭീതിയോ അവളെ പിന്തിരിപ്പിച്ചില്ല. അവളെ നയിച്ചത് യേശുവിനോടുള്ള സ്നേഹവും സഹതാപവും മാത്രമായിരുന്നു. വേദനിക്കുന്ന സഹജീവിയോട് ഉള്ളിൽ നിറഞ്ഞുകവിഞ്ഞ സഹതാപം അതു പ്രകടിപ്പിക്കാനുള്ള ധൈര്യം. ആ ഒരൊറ്റ നന്മപ്രവൃത്തിയിലൂടെ ദൈവതിരുമുഖം അവളുടെ തൂവാലയിൽ മാത്രമല്ല ഹൃദയത്തിലും പതിഞ്ഞു.
"ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണു'മെന്ന ഗിരി പ്രഭാഷണവാക്യവും ഈ അവസരത്തിൽ നമ്മുടെ ഉള്ളിലേക്ക് എത്തുന്നു. ഹൃദയ പരമാർഥതയോടെ യേശുവിനെ നോക്കിയ വെറോണിക്ക കർത്താവിനെ കാണുന്നു. ഒരു പെണ്ണ് ധൈര്യപൂർവം നടത്തിയ വലിയൊരു കാൽവയ്്പുകൊണ്ടാണ് നൂറ്റാണ്ടുകൾക്കു ശേഷവും നിരവധി പീഡാനുഭവ വായനകൾക്കു ശേഷവും വെറോണിക്ക നമുക്കു പ്രിയപ്പെട്ടവളായി, ഒരു നനുത്ത സ്പർശമായി തുടരുന്നത്.
അഴകുള്ള കാര്യങ്ങൾ
നിത്യജീവിതത്തിൽ ചിലരുടെയെങ്കിലും കൈയിൽ വെറോണിക്കയുടെ പട്ടുതൂവാല നാം കാണാറില്ലേ? മനുഷ്യരെ ബോധ്യപ്പെടുത്താനല്ലാതെ നാം ചെയ്യുന്ന ഓരോ സുകൃതത്തിനും അഭൗമമായ ഒരഴകുണ്ട്. നമ്മൾപോലുമറിയാതെ, നമ്മളാൽ അവഗണിക്കപ്പെടുന്ന ചുറ്റുമുള്ള ചിലരെക്കൂടെ പരിഗണിക്കുന്പോഴേ നമ്മുടെ ജീവിതം പൂർണതയിൽ എത്തൂ. ഒരാൾ അപമാനിക്കപ്പെടുന്പോൾ തടയാൻ കഴിയുമായിരുന്നിട്ടും മറ്റുള്ളവർ എന്തു വിചാരിക്കും എന്നോർത്ത് വെറുതെ നോക്കിനിന്നവരാണോ നമ്മൾ? ആർക്കും ഉപദ്രവം ചെയ്യാതെ ജീവിച്ചാൽ മാത്രം പോരാ. നമ്മളിലെ ക്രിസ്തീയതയും മനുഷ്യത്വവും മറ്റുള്ളവർക്ക് അവരുടെ വേദനയുടെ നേരത്ത് ഉപകാരപ്പെടുന്നില്ലെങ്കിൽ നമ്മിലുള്ളത് മനുഷ്യത്വമല്ല, ക്രിസ്തീയതയുമല്ല. പഴഞ്ചൊല്ലിൽ പറയുന്നതു പോലെ, "കുളിരുന്പോൾ ഇല്ലാത്ത കന്പിളി പിന്നീട് എന്തിനാണ്'?
മറ്റുള്ളവരുടെ സങ്കടങ്ങളിലേക്കാണ് നാം കാതോർക്കേണ്ടത്. അവരുടെ നിലവിളികളിലേക്കാണ് തൂവാലയുമായി നാം ഓടിച്ചെല്ലേണ്ടത്. വെറോണിക്കയെപോലെ അസാധാരണമായ ആന്തരിക പ്രകാശവും ഹൃദയശുദ്ധിയും ഉള്ളവർക്കേ, അപരന്റെ ക്ഷതങ്ങളെ തിരിച്ചറിയാനാകൂ.