അനധികൃത ബോര്‍ഡുകളും ഫ്ലക്സുകളും സ്ഥാപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി
Friday, March 14, 2025 1:49 AM IST
കൊച്ചി: അനധികൃത ബോര്‍ഡുകളും ബാനറുകളും ഫ്ലക്സുകളും കൊടിമരങ്ങളും സ്ഥാപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. പിഴയ്ക്കുപുറമെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രോസിക്യൂഷന് നടപടികളും സ്വീകരിക്കണം.
ഇതുമായി ബന്ധപ്പെട്ട് കോടതി വിവിധ ഘട്ടങ്ങളില്‍ പുറപ്പെടുവിച്ച ഉത്തരവുകളും സര്‍ക്കാരിന്റെ ഉത്തരവുകളും സര്‍ക്കുലറുകളും പാലിച്ചുകൊണ്ടുള്ള നടപടികളാണു വേണ്ടതെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. അനധികൃത ബോര്‍ഡുകളുമായി ബന്ധപ്പെട്ട് നാലര വര്‍ഷത്തോളമായി കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്.
അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്ത സാഹചര്യത്തില്‍ അതിന്റെ വ്യക്തിപരമായ ഉത്തരവദിത്വം ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കായിരിക്കും. ഓരോ നിയമനിഷേധത്തിനും അവ സ്ഥാപിക്കുന്നവരില്‍നിന്ന് പിഴയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെലവുകളും ഈടാക്കണം. ബോര്‍ഡുകളും ബാനറുകളും തയാറാക്കുന്ന പ്രസിനും സ്ഥാപിക്കുന്ന പരസ്യ ഏജന്സികളടക്കമുള്ളവര്ക്കുമെതിരേ നടപടിയെടുക്കണം.
അനധികൃത ബോര്‍ഡുകള്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച് പോലീസ് മേധാവി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം നടപടികള്‍ വേണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നിയമപരമായ നടപടിയെടുക്കണം.
തദ്ദേശ ജോയിന്റ് ഡയറക്ടര്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് ഓരോ മാസവും റിപ്പോര്‍ട്ട് തേടണം. തെരഞ്ഞെടുപ്പ് സമയത്ത് ഇതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പാക്കണം.
റോഡ് സുരക്ഷാ അഥോറിറ്റി ഒരു മാസത്തിനകം ബാനറുകളും ബോര്‍ഡുകളുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷാ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.