ഏറ്റുമാനൂർ കൂട്ട ആത്മഹത്യ: പ്രതിയെ റിമാൻഡ് ചെയ്തു
Friday, March 14, 2025 1:49 AM IST
ഏറ്റുമാനൂർ: ട്രെയിനിനു മുന്നിൽ ചാടി അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസി(44)നെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് വീണ്ടും റിമാൻഡ് ചെയ്തു.
കേസ് അന്വേഷണത്തിനായി ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.
ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് നോബിയെ അറസ്റ്റ് ചെയ്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവർ ജീവനൊടുക്കിയ കേസിലെ പ്രതിയായ ഇയാളെ മൂന്നു ദിവസം കസ്റ്റഡിയിൽ ലഭിച്ചിട്ടും വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് സഹകരിച്ചില്ലെന്നുമാണ് സൂചന.
നോബിയുടെയും ഷൈനിയുടെയും മൊബൈൽ ഫോണുകളുടെ വിദഗ്ധ പരിശോധന പൂർത്തിയാകുമ്പോൾ കേസന്വേഷണത്തിനു സഹായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.