കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
Monday, April 7, 2025 3:23 AM IST
പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. മ ുണ്ടൂർ കയറങ്കോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിന്റെ മകൻ അലൻ ജോസഫ് (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്മ വിജിയെ ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ രാത്രി എട്ടോടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കണ്ണാടൻചോലയ്ക്കു സമീപമാണ് കാട്ടാന ഇവരെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. വിജിക്കു തോളെല്ലിനാണ് പരിക്ക്.
അതേസമയം, കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് മുണ്ടൂരിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. പ്രദേശത്തെ കാട്ടാനശല്യത്തിന് അടിയന്തര പരിഹാരം കാണാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനും ജില്ലാ കളക്ടർക്കും നിർദേശം നൽകിയതായി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കൊല്ലപ്പെട്ട അലന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
മുണ്ടൂർ മേഖലയിൽ കാട്ടാനശല്യം പതിവാണ്. ദിവസങ്ങളായി ഇവിടെ കാട്ടാനകൾ നിലയുറപ്പിച്ചിട്ടും നടപടിയെടുക്കാനോ മുന്നറിയിപ്പ് നൽകാനോ വനംവകുപ്പ് അധികൃതർ തയാറായില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.