മുനന്പം കമ്മീഷന്റെ നിയമനം റദ്ദാക്കി
Tuesday, March 18, 2025 1:47 AM IST
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി അവകാശവാദത്തെത്തുടർന്നുള്ള തർക്കങ്ങൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ റിട്ട. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ കമ്മീഷനെ നിയമിച്ചതു ഹൈക്കോടതി റദ്ദാക്കി.
കമ്മീഷൻ നിയമനം നിയമപരമല്ലെന്നു വിലയിരുത്തിയ കോടതി ഇക്കാര്യത്തിൽ സർക്കാർ യാന്ത്രികമായാണു പ്രവർത്തിച്ചതെന്നും ചൂണ്ടിക്കാട്ടി. കമ്മീഷൻ നിയമനം റദ്ദാക്കണമെന്ന വഖഫ് സംരക്ഷണസമിതിയുടെ ഹർജി അനുവദിച്ചാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്റെ വിധി.
ജുഡീഷൽ അന്വേഷണ കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, ഭൂമിയുടെ അവകാശവും കൈമാറ്റവും ഉൾപ്പെടുന്ന വിഷയങ്ങളിൽ കമ്മീഷനെ നിയോഗിക്കാൻ വ്യവസ്ഥയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം മുനമ്പം കേസ് ട്രൈബ്യൂണലിൽ നിലനിൽക്കുന്ന സാഹചര്യമടക്കം കണക്കിലെടുക്കാത്തതാണ് ഈ കമ്മീഷന്റെ നിയമനം നിയമപരമല്ലെന്നു വിലയിരുത്താൻ കാരണമായതെന്നും കോടതി വ്യക്തമാക്കി.
വഖഫ് സംരക്ഷണസമിതിയുടെ ഹർജി നിലനിൽക്കില്ലെന്നു സർക്കാർ കോടതിയിൽ വാദിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട് ആനുകൂല്യത്തിന് അർഹരായവരോ അല്ല ഹർജിക്കാർ. മുനമ്പം ഭൂമി വിഷയത്തിൽ വസ്തുതാന്വേഷണമാണു നടക്കുന്നതെന്നും ഇതിനായി ജുഡീഷൽ കമ്മീഷനെ നിയമിക്കാൻ അധികാരമുണ്ടെന്നും സർക്കാർ വാദം ഉന്നയിച്ചിരുന്നെങ്കിലും കോടതി ഇതു തള്ളി.
മുനമ്പത്തേതു വഖഫ് ഭൂമിയല്ലെന്നും ഇഷ്ടദാനമാണെന്നുമാണ് ഭൂമിയുടെ കൈവശാവകാശം ഉണ്ടായിരുന്ന കോഴിക്കോട് ഫറൂഖ് കോളജിന്റെ വാദം. ഫറൂഖ് കോളജ് അധികൃതരിൽനിന്നു വിലകൊടുത്തു വാങ്ങിയ ഭൂമിയാണു തങ്ങളുടേതെന്നും വഖഫ് ഭൂമിയല്ലെന്നും താമസക്കാർ വാദിച്ചു.
അടിമുടി അവ്യക്തത
കൊച്ചി: ജുഡീഷൽ കമ്മീഷനെ നിയമിച്ചുള്ള ഉത്തരവിൽ പൊതുതാത്പര്യമെന്തെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. കുടിയിറക്ക് ഭയക്കുന്നവരുടെ പ്രക്ഷോഭവും ക്രമസമാധാന പ്രശ്നവുമാണു പ്രേരണയെന്ന് കോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. എന്നാൽ നിയമന ഉത്തരവിൽ ഇങ്ങനെയൊരു പരാമർശമില്ല.
മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് സ്വത്താണെന്ന് വഖഫ് ബോർഡ് പ്രഖ്യാപിച്ചതാണ്. ഭൂമി നേരത്തേ കൈവശം വച്ചിരുന്ന ഫറൂഖ് കോളജ് മാനേജ്മെന്റ് ഇക്കാര്യം കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ ചോദ്യം ചെയ്തിട്ടുണ്ട്. കേസ് ഇനിയും തീർപ്പായിട്ടില്ല. ഈ വസ്തുതകൾ ബാക്കിനിൽക്കേ സർക്കാർ ഇതു മനസിലാക്കാതെയാണു പ്രവർത്തിച്ചതെന്ന് ഹൈക്കോടതി പറഞ്ഞു.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ട്രൈബ്യൂണലിൽ നിലനിൽക്കേ ഏതു സാഹചര്യത്തിലായാലും ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ നീങ്ങരുതെന്നായിരുന്നു. കമ്മീഷന് ജുഡീഷൽ, അർധ ജുഡീഷൽ അധികാരങ്ങളില്ലെന്നും ശിപാർശകൾ നടപ്പാക്കാൻ ബാധ്യതയില്ലെന്നും സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
അപ്പീൽ നൽകും: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: മുനന്പം ജുഡീഷൽ കമ്മീഷനെ അസാധുവാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് തീരുമാനത്തിനെതിരേ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുന്ന കാര്യമാണ് സർക്കാർ ആലോചിക്കുന്നതെന്നു നിയമമന്ത്രി പി. രാജീവ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് അപ്പീൽ സാധ്യത പരിശോധിക്കുന്നത്.
വിധിയുടെ പകർപ്പ് ലഭ്യമായിട്ടില്ല. ലഭ്യമായ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ചു തുടർ തീരുമാനമെടുക്കും. വഖഫ് കമ്മീഷനെ നിയോഗിച്ച സർക്കാർ നടപടി കോടതി ശരിവച്ചിട്ടുണ്ട്. എന്നാൽ, വഖഫ് ഭൂമിയാണോ എന്ന കാര്യത്തിലാണ് കോടതിയുടെ ഇടപെടലെന്നാണു മനസിലാക്കുന്നത്.
ഇപ്പോൾ താമസിക്കുന്നവരുടെ നിയമപരമായ സംരക്ഷണം എങ്ങനെ ഉറപ്പാക്കാമെന്നാണ് പരിഗണനാവിഷയങ്ങളിൽ പറയുന്നത്. ഭൂമി വക്കഫ് ആണെങ്കിലും അല്ലെങ്കിലും അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
ഈ സാധ്യതയാണ് കോടതിവിധിയിലൂടെ ഇല്ലാതായത്. ഇതു പുനഃസ്ഥാപിക്കാനാണ് അപ്പീൽ സാധ്യത പരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.