ഉദ്യോഗസ്ഥർ ഹാജരില്ല; സഭയിൽ പ്രതിഷേധം
Tuesday, March 18, 2025 1:02 AM IST
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനേക്കുറിച്ചുള്ള ധനാഭ്യർഥനാ ചർച്ച നടക്കുന്പോൾ ഉദ്യോഗസ്ഥ ഗാലറിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിന്റെ പേരിൽ നിയമസഭയിൽ പ്രതിഷേധം.
പ്രതിപക്ഷത്തുനിന്ന് എൻ.എ. നെല്ലിക്കുന്ന് പ്രസംഗിക്കുന്നതിനിടെ ഇടപെട്ട മോൻസ് ജോസഫ് ആണ് ഈ വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ചർച്ച തുടങ്ങുന്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സഭയിൽ ഹാജരുണ്ടായിരുന്നു. പിന്നീട് എല്ലാവരും പുറത്തേക്കിറങ്ങി. ഈ സമയം ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും സഭയിൽ ഉണ്ടായിരുന്നില്ല. മന്ത്രിമാരിൽ ഭൂരിഭാഗവും സഭയിലുണ്ടായിരുന്നില്ല.
സർക്കാരിനുവേണ്ടി പാർലമെന്ററികാര്യ മന്ത്രി എന്ന നിലയിൽ താൻ ഉണ്ടെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി ഇല്ലാത്തതല്ല, ഉദ്യോഗസ്ഥ ഗാലറിയിൽ ആരുമില്ല എന്നതാണു പ്രശ്നമെന്ന് മോൻസ് ജോസഫ് പറഞ്ഞു. വിഷയം പരിശോധിക്കാമെന്ന് ഈ സമയം ചെയറിലുണ്ടായിരുന്ന പി. മുഹമ്മദ് മുഹ്സിൻ പറഞ്ഞു.
ഗുരുതരമായ വിഷയമാണെന്നും ചെയറിൽനിന്നു റൂളിംഗ് വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഏറെ വൈകാതെ ആഭ്യന്തര വകുപ്പിലെയും പോലീസിലെയും ഉന്നത ഉദ്യോഗസ്ഥരെല്ലാം ഉദ്യോഗസ്ഥ ഗാലറിയിൽ എത്തി.