മാറിയ നയങ്ങളും ഭക്ഷണക്രമവും; മാറാത്ത ഭാഷാപ്രയോഗം
Tuesday, March 18, 2025 1:02 AM IST
സാബു ജോണ്
തിരുവനന്തപുരം: കാലം മാറുന്നതിനനുസരിച്ചു മാറുന്നവർക്കേ ഇക്കാലത്തു പിടിച്ചു നിൽക്കാൻ പറ്റൂ. ഇടതുസർക്കാരിന്റെ വ്യവസായനയം മുതൽ മുസ്ലിം ലീഗ് യോഗങ്ങളിലെ ഭക്ഷണക്രമം വരെ ഇതുപോലെ കാലത്തിനനുസരിച്ചു മാറിയിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ നയം മാറ്റത്തോടു യോജിപ്പാണെങ്കിലും നയം മാറി വന്നപ്പോഴേക്കും കേരളത്തിന്റെ അവസരങ്ങളെല്ലാം നഷ്ടപ്പെട്ടു എന്നായിരുന്നു ഡോ. മാത്യു കുഴൽനാടന്റെ പരിഭവം. ബിരിയാണി വേണോ കുഴിമന്തി വേണോ എന്നതിൽ മാത്രമാണു ലീഗ് യോഗങ്ങളിൽ ചർച്ചയെന്നു കഴിഞ്ഞ ദിവസം ഭരണപക്ഷത്തെ എച്ച്. സലാം പരിഹസിച്ചിരുന്നു. അതിനുള്ള മറുപടി ഇന്നലെ നൽകിയത് ലീഗിലെ എൻ.എ. നെല്ലിക്കുന്ന് ആണ്.
ലീഗിന് ഇപ്പോൾ ബിരിയാണി ഒക്കെ ഇടതുപക്ഷത്തിനു കട്ടൻചായയും പരിപ്പുവടയും പോലെയായെന്ന് നെല്ലിക്കുന്നു പറഞ്ഞു. പുതിയത് എന്താണെന്നു പറഞ്ഞാൽ സലാം ഇപ്പോൾതന്നെ പാണക്കാട്ടേക്കു വച്ചു പിടിച്ച് ലീഗ് അംഗത്വം എടുക്കുമെന്ന് നെല്ലിക്കുന്നിന് ഉറപ്പാണ്. ഏതായാലും പുതിയ മെനു നെല്ലിക്കുന്ന് വെളിപ്പെടുത്തിയില്ല. സലാം തൽക്കാലം സിപിഎമ്മിൽതന്നെ തുടരും.
ഭക്ഷണത്തിൽ സമകാലികമായെങ്കിലും ഭാഷയുടെ കാര്യത്തിൽ കാലത്തിനൊത്തു മാറാൻ നെല്ലിക്കുന്നിനായില്ല. ഇടതുഭരണകാലത്ത് പോലീസിൽ രാഷ്ട്രീയ ഇടപെടൽ ഇല്ലെന്ന കെ.വി. സുമേഷിന്റെ പ്രസംഗം കേട്ടപ്പോൾ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ നെല്ലിക്കുന്നിനു തോന്നി. എന്നാൽ ആ പദപ്രയോഗത്തിനെതിരേ ചാടിയെണീറ്റ് രോഷം പ്രകടിപ്പിച്ചത് അടുത്തിരുന്ന സ്വന്തം പക്ഷത്തെ കെ.കെ. രമയാണ്. ഈ പ്രയോഗം മുന്പും നിയമസഭയിൽ പ്രയോഗിച്ചിട്ടുണ്ടെന്നു നെല്ലിക്കുന്ന് വാദിച്ചു നോക്കിയെങ്കിലും ചെയറിലിരുന്ന മുഹമ്മദ് മുഹ്സിനും ഇതു കാലത്തിനു ചേർന്ന പ്രയോഗമല്ലെന്ന നിലപാടായിരുന്നു. നെല്ലിക്കുന്നിന് ഈഗോയൊന്നുമില്ല. അപ്പോൾതന്നെ പ്രയോഗം പിൻവലിച്ചു തലയൂരി.
ആഭ്യന്തരവകുപ്പിന്റെ ധനാഭ്യർഥന ആയിരുന്നെങ്കിലും ഡോ. മാത്യു കുഴൽനാടൻ കൂടുതൽ സമയവും പ്രസംഗിച്ചത് വ്യവസായ വകുപ്പിനേക്കുറിച്ചും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇൻഡെക്സിനേക്കുറിച്ചുമായിരുന്നു. ആഭ്യന്തരവകുപ്പിനേക്കുറിച്ച് പ്രതിപക്ഷത്തിനു പോലും മോശമായി ഒന്നും പറയാനില്ലെന്നും വിഷയദാരിദ്ര്യമാണെന്നും ആന്റണി രാജു പറഞ്ഞത് കുഴൽനാടന്റെ പ്രസംഗത്തിൽ പിടിച്ചാണ്. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കു തോന്നിയപടി പരോൾ അനുവദിക്കുന്നതിനെതിരേ കെ.കെ. രമ പൊട്ടിത്തെറിച്ചു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ എന്ന ന്യായം പറഞ്ഞാണ് പരോൾ അനുവദിച്ചതെന്ന് ടി. സിദ്ദിഖ് ചൂണ്ടിക്കാട്ടി.
ഇടതുസർക്കാരിനു ചില കുറ്റകൃത്യങ്ങൾ ‘ഹോളി ക്രൈം’ ആണെന്ന് സിദ്ദിഖ് പറഞ്ഞു. മുഖം നോക്കാതെ പ്രവർത്തിക്കുന്ന പോലീസ് എന്ന കെ.വി. സുമേഷിന്റെ വാക്കുകൾ ശരിവച്ച ലീഗിലെ നജീബ് കാന്തപുരം, കൊടി നോക്കി പ്രവർത്തിക്കുന്ന പോലീസ് എന്ന നേരിയ ഭേദഗതി വരുത്തി.
കാന്പസുകളിലെ അതിക്രമങ്ങളുടെ ഉത്തരവാദിത്വമത്രയും കെഎസ്യുവിന്റെ മേൽ കെട്ടിവയ്ക്കുകയായിരുന്നു എം. വിജിൻ. നിങ്ങൾ കഠാര താഴെ വച്ചാൽ കാന്പസുകളിൽ സമാധാനം വരുമെന്ന് വിജിൻ പറഞ്ഞു. എസ്എഫ്ഐയെ പിരിച്ചുവിടണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരേ സഭയിലുള്ള പഴയ എസ്എഫ്ഐക്കാരായ കെ.വി. സുമേഷും വി.കെ. പ്രശാന്തും എം.വിജിനുമെല്ലാം രോഷംകൊണ്ടു.
ഡൽഹിയിൽ ഗവർണർ നടത്തിയ വിരുന്നിലും മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിലുമൊക്കെ രമേശ് ചെന്നിത്തല ചില ഗൂഢാലോചനകൾ മണത്തറിഞ്ഞു. ബിജെപിയുമായി കൈകോർക്കാൻ നടത്തിയ റിഹേഴ്സൽ എന്നാണ് രമേശ് ഈ നീക്കങ്ങളെ വിശേഷിപ്പിച്ചത്. എന്നാൽ അതേ ആരോപണം തിരിച്ചു നൽകി മുഖ്യമന്ത്രി സ്വന്തം നടപടികളെ പ്രതിരോധിച്ചു.
പ്രസംഗാവസാനം ജയ് ഹിന്ദ് എന്നു പറയുന്നതു പോലെ ധനാഭ്യർഥനാ ചർച്ചകളിൽ പങ്കെടുക്കുന്ന ഇടതുപക്ഷ അംഗങ്ങളുടെ പ്രസംഗം അവസാനിക്കുന്നത് മൂന്നാം ഇടതുസർക്കാർ എന്ന സ്വപ്ന വാചകത്തോടെയാണ്. ഇന്നലെയും ഇതിനു മാറ്റമുണ്ടായില്ല. പ്രസംഗം തുടങ്ങിയ കെ.വി. സുമേഷ് മുതൽ അവസാനം പ്രസംഗിച്ച കെ.ടി. ജലീൽ വരെ മൂന്നാം ഇടതുഭരണം ഉറപ്പിച്ചാണ് പ്രസംഗം നിർത്തിയത്.