ഫോൺ വിളിക്കുന്നതിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു
Monday, March 17, 2025 5:07 AM IST
എടത്വ (ആലപ്പുഴ): പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഫോണിൽ സംസാരിച്ച യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. എടത്വ പഞ്ചായത്ത് ഒന്നാംവാർഡ് കൊടുപ്പുന്ന ഗ്രാമോത്സവ കോളനിയിലെ ശ്രീനിവാസന്റെ മകൻ അഖില്‍ പി. ശ്രീനിവാസന് (30) ആണു മരിച്ചത്. ഇടിമിന്നലേറ്റതിനു പിന്നാലെ അഖിലിന്റെ കൈവശമുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചതാണ് മരണ കാരണം.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. എടത്വ പുത്തന്‍വരമ്പിനകം പാടത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖില്‍. ഫീല്‍ഡ് ചെയ്യുന്നതിനിടെ ഫോണില്‍ കോള്‍ വന്നു. അറ്റന്‍ഡ് ചെയ്തു സംസാരിക്കവേയാണു ശക്തമായ മിന്നലുണ്ടായി ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിക്കും തലയ്ക്കും നെഞ്ചിനും ഗുരുതരമായി പൊള്ളലേറ്റു.
എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയതിനുശേഷം വണ്ടാനം മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഖിലിനൊപ്പം കളിക്കുകയായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റു. എന്നാല്‍ ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ല. വെല്‍ഡിംഗ് ജോലിക്കാരനായിരുന്ന അഖില്‍ ചുണ്ടന്‍വള്ളത്തിന്റെ പണിയും ചെയ്തിരുന്നു. അമ്മ: ലിസി. സഹോദരങ്ങൾ: അഭിജിത്, അനി.