ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് എതിരേയുള്ള കേസ് പിൻവലിക്കണം; മുഖ്യമന്ത്രിക്ക് തുഷാർ ഗാന്ധി കത്ത് നൽകി
Tuesday, March 18, 2025 1:47 AM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വഴിതടഞ്ഞു പ്രതിഷേധിച്ച അഞ്ച് ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കെതിരേയുള്ള കേസുകൾ പിൻവലിക്കണമെന്നഭ്യർഥിച്ച് മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.
വഴി തടഞ്ഞു പ്രതിഷേധിച്ച ബിജെപി-ആർഎസ്എസ് പ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യരുതെന്നും കത്തിൽ അഭ്യർഥിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നു. ഭരണഘടന ഉറപ്പു നൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിച്ചാണു നടപടി- തുഷാർ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ 12നു നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ എത്തുന്നതിനിടെയാണ് തുഷാർ ഗാന്ധിക്കെതിരേ പ്രതിഷേധമുയർന്നത്. ""രാജ്യത്ത് മതേതരത്വത്തിന്റെ സ്വഭാവം ഇല്ലാതാക്കാൻ ശ്രമിക്കുന്ന വിഷമാണ് ആർഎസ്എസ്'' എന്ന പ്രസ് താവനയാണ് ആർഎസ്എസ്, ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചത്. പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ടെങ്കിലും തുഷാർ ഗാന്ധി വഴങ്ങിയില്ല. പ്രതിഷേധിച്ച നഗരസഭാ കൗണ്‍സിലർ ഉൾപ്പെടെ അഞ്ചുപേർക്കെതിരേ കേസെടുത്തിരുന്നു.
ആവിഷ്കാര സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാപരമായ അവകാശം താൻ വിനിയോഗിച്ചു. ആർഎസ്എസ്, ബിജെപി പ്രവർത്തകർ അവരുടെ പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ചെങ്കിലും ആക്രമണോത്സുകവും ധിക്കാരപരവുമായിരുന്നു, ആക്രമിച്ചില്ലെന്നുമാത്രം. ആർഎസ്എസ്, ബിജെപി പ്രവർത്തകരിൽ പൊതുവെ ഇല്ലാത്ത ആ മര്യാദയെ താൻ അംഗീകരിക്കുന്നുവെന്നും കത്തിൽ പറയുന്നു.