വിവരാവകാശ കമ്മീഷനില്‍ തീര്‍പ്പാകാതെ ആയിരക്കണക്കിന് പരാതികള്‍
Tuesday, March 18, 2025 1:02 AM IST
കൊച്ചി: വിവരാവകാശ കമ്മീഷനില്‍ ഇനിയും തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് പരാതികളും അപ്പീലുകളും.
5066 അപ്പീലും 1662 പരാതികളുമാണ് കമ്മീഷനില്‍ ഇനിയും തീര്‍പ്പാക്കാനുള്ളത്. വിവരാവകാശനിയമപ്രകാരം പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്കു ലഭിച്ച മറുപടിയിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയിട്ടുള്ളത്.
സര്‍ക്കാര്‍ ഓഫീസുകൾ നല്കുന്ന വിവരാവകാശ അപേക്ഷയ്ക്ക് കൃത്യമായും സമയബന്ധിതമായും മറുപടി നല്‍കാതിരിക്കുകയും ലഭിക്കുന്ന മറുപടി അപൂര്‍ണമാകുകയും ചെയ്യുമ്പോഴാണ് സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത്.
മുഖ്യ വിവരാവകാശ കമ്മീഷണറുള്‍പ്പെടെ ആറംഗങ്ങളാണ് സംസ്ഥാന വിവരാവകാശ കമ്മീഷനിലുള്ളത്. നിലവിലെ കമ്മീഷന് അംഗങ്ങള്‍ ചുമതലയേറ്റശേഷം 4757 അപ്പീല്‍ പെറ്റീഷനുകളും 1636 കംപ്ലയിന്റ് പെറ്റീഷനുകളുമാണ് തീര്‍പ്പാക്കിയിട്ടുള്ളത്.
വിവരാവകാശ അപേക്ഷയില്‍ കൃത്യമായി മറുപടി നല്‍കിയില്ലെന്ന പരാതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് 6,352,50 രൂപയാണ് പിഴയിനത്തില്‍ വിവരാവകാശ കമ്മീഷന് സര്‍ക്കാരിലേക്ക് അടപ്പിച്ചിട്ടുള്ളത്.