റാഗിംഗ് നിരോധന നിയമം കർക്കശ വ്യവസ്ഥകൾ ഉൾപ്പെടുത്തി പരിഷ്കരിക്കുമെന്നു മന്ത്രി
Tuesday, March 18, 2025 1:02 AM IST
തിരുവനന്തപുരം: കേരളാ റാഗിംഗ് നിരോധന നിയമം കർക്കശ വ്യവസ്ഥകൾ ഉൾപ്പെടുത്തി പരിഷ്കരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് തടയാനായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്റി റാഗിംഗ് കമ്മിറ്റി നിലവിലുണ്ടെന്നും എൻ. ഷംസുദ്ദീന്റെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി.
റാഗിംഗിന്റെ പേരിൽ നടത്തുന്ന അതിക്രമം ഒഴിവാക്കാനായി സുപ്രീംകോടതി നിർദേശാനുസരണം വ്യക്തമായ നിർദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്ക് നൽകിയിട്ടുണ്ട്.
റാഗിംഗ് സംബന്ധിച്ച പരാതികളിൽ പ്രതിസ്ഥാനത്താകുന്നവർക്കെതിരേ സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടി ആന്റി റാഗിംഗ് കമ്മിറ്റിയുടെ കൂടി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ബന്ധപ്പെട്ട സ്ഥാപന മേധാവികൾ സ്വീകരിക്കുന്നു. റാഗിംഗ് വിരുദ്ധ നിയമത്തെ കുറിച്ചുള്ള ക്ലാസുകൾ പോലീസിന്റെയും ആന്റി റാഗിംഗ് സെല്ലുകളുടെയും മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്നു.
വിദ്യാർഥികൾക്ക് സുരക്ഷിതവും ഭയരഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കാനും റാഗിംഗ് തടയാനും പോസിറ്റീവ് കാന്പസ് സംസ്കാരം പ്രോത്സാഹിപ്പിക്കാനും ആവശ്യമായ നടപടി സ്വീകരിക്കും.
നിലവിലുള്ളെ 1998ലെ കേരള റാഗിംഗ് നിരോധന ആക്ടിൽ റാഗിംഗിനെതിരേ ശക്തമായ നിയന്ത്രണങ്ങളും നിബന്ധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. റാഗിംഗ് നടത്തിയെന്നു തെളിഞ്ഞാൽ രണ്ടു വർഷം വരെ തടവും 10,000 രൂപ പിഴയും വരെ ലഭിക്കാവുന്നതാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.