മമ്മൂട്ടിക്ക് പ്രോട്ടോണ്‍ തെറാപ്പി; ചികിത്സ ചെന്നൈയിൽ
Tuesday, March 18, 2025 1:02 AM IST
കൊച്ചി: വന്‍കുടലില്‍ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടി വിശ്രമത്തില്‍. ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ ഈയാഴ്ച അദ്ദേഹം ചികിത്സയ്ക്കു വിധേയനാകും. അഞ്ചു ദിവസത്തെ പ്രോട്ടോണ്‍ തെറാപ്പിയാണ് നടത്തുന്നത്. അതിനായി നാളെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേതന്നെ രോഗനിര്‍ണയം നടന്നതിനാല്‍ പ്രാഥമിക ചികിത്സകൊണ്ട് നടന് പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ.
താരം ഇപ്പോള്‍ ചെന്നൈയിലെ വസതിയിലാണുള്ളത്. ഇവിടെനിന്നു ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ നിത്യവും പോയി മടങ്ങത്തക്കവിധമാണു ചികിത്സ ക്രമീകരിച്ചിരിക്കുന്നത്. ഭാര്യ സുല്‍ഫത്ത്, മകനും നടനുമായ ദുല്‍ഖര്‍ സല്മാന്, ഭാര്യ അമല്‍ സൂഫിയ, മകള്‍ സുറുമി, മകളുടെ ഭര്‍ത്താവ് ഡോ. മുഹമ്മദ് റെഹാന് സയിദ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ട്.
മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിച്ചുവരികയായിരുന്നു മമ്മൂട്ടി. മോഹന്‍ലാലും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയുമുള്‍പ്പെടെ വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്.
ഇതിന്റെ ചിത്രീകരണത്തില്‍നിന്ന് ഇടവേളയെടുത്താണ് ചികിത്സ. പ്രോട്ടോണ്‍ തെറാപ്പി കഴിഞ്ഞ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.