പോളി ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; ഇതരസംസ്ഥാന തൊഴിലാളിക്കായി തെരച്ചിൽ
Tuesday, March 18, 2025 1:47 AM IST
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവുകേസില്‍ കഞ്ചാവ് കൈമാറിയ ഇതരസംസ്ഥാന തൊഴിലാളിക്കായി അന്വേഷണം ഊര്‍ജിതം. ഇയാളെക്കുറിച്ച് യാതൊരു വിവരവും പോലീസിനു ലഭ്യമായിട്ടില്ല.
ഒളിവില്‍ കഴിയുന്ന ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. അതുകൊണ്ടുതന്നെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസിന് അന്വേഷണം നടത്താനായിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളിയാണ് കഞ്ചാവ് എത്തിച്ചുനല്കിയതെന്നാണ് അറസ്റ്റിലായ ആഷിക്കിന്റെയും ഷാലിഖിന്റെയും മൊഴി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. അതേസമയം കഴിഞ്ഞദിവസം പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന മൂന്നാംവര്‍ഷ വിദ്യാർഥി അനുരാജിനെ ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇതിനുശേഷമേ കസ്റ്റഡിയില്‍ വാങ്ങുന്നതു സംബന്ധിച്ച് തീരുമാനമെടുക്കൂ.
അനുരാജ്, പൂര്‍വവിദ്യാര്‍ഥികളായ ആഷിക്, ശാലിഖ് എന്നിവരടങ്ങുന്ന സംഘമാണ് ലഹരി ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്. കോളജ് ഹോസ്റ്റല്‍ മറയാക്കി പ്രതികള്‍ ആറു മാസം മുമ്പ് മുതല്‍തന്നെ കഞ്ചാവ് ഇടപാട് തുടങ്ങിയിരുന്നു.