സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വീസ്: സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത് ശരിവച്ചു
Tuesday, March 18, 2025 1:02 AM IST
കൊച്ചി: 140 കിലോമീറ്ററിനപ്പുറം ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കാത്ത സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു.
സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു സര്‍ക്കാരും കെഎസ്ആര്‍ടിസിയും നല്കിയ അപ്പീല്‍ ഹര്‍ജികള്‍ തള്ളിയാണു ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ദീര്‍ഘദൂര പെര്‍മിറ്റുള്ള ബസുടമകള്‍ നല്കിയ ഹർജിയില്‍ 2023 മേയ് മൂന്നിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണു നേരത്തേ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.
പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്കു ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ അനുമതി നല്കിയ കോടതി നിര്‍ദേശത്തിന്റെ ലംഘനമാണ് 2023ലെ ഉത്തരവെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.