എല്ലാ ജീവനേക്കാളും വിലമനുഷ്യജീവന്: ഡിഎഫ്ഒ
Tuesday, March 18, 2025 1:47 AM IST
തൊടുപുഴ: മനുഷ്യജീവനാണ് എല്ലാ ജീവനേക്കാളും വിലയുള്ളതെന്നു കോട്ടയം ഡിഎഫ്ഒ എൻ. രാജേഷ്. ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാന്‍പിയിൽ ജനവാസമേലയിലെത്തിയ കടുവയെ മയക്കുവെടി വച്ചു പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രാണരക്ഷാർഥം കടുവയെ വെടിവച്ചുകൊന്ന സംഭവം സംബന്ധിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
10 പേരടങ്ങുന്ന ദൗത്യസംഘമാണ് കടുവയെ വെടിവയ്ക്കുന്നതിന് മുൻനിരയിൽ നിന്നത്. ഇവർക്ക് പിന്തുണയുമായി ആറംഗ സംഘവും ഡ്രോണ്‍ സംഘവും ഒപ്പമുണ്ടായിരുന്നു. 15 മീറ്റർ അകലെ നിന്ന് ആദ്യ മയക്കുവെടി വച്ചെങ്കിലും ഉന്നംപിഴച്ചു. തുടർന്നു 15 മിനിറ്റിനു ശേഷം രണ്ടാമത്തെ മയക്കുവെടിയുതിർത്തതോടെ ദൗത്യസംഘത്തിനു നേർക്ക് കടുവപാഞ്ഞടുത്തു.
സംഘാംഗമായ മനുവിന്റെ കൈവശമുണ്ടായിരുന്ന ഷീൽഡ് വലിച്ചുകീറുകയും ഹെൽമറ്റ് അടിച്ചുപൊട്ടിക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തിന്റെ തലയ്ക്കടിക്കാൻ ശ്രമിക്കവെ ഒപ്പമുണ്ടായിരുന്ന സംഘാംഗം പ്രാണരക്ഷാർഥം വെടിയുതിർക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നിന് ദൗത്യം ആരംഭിച്ചെങ്കിലും രാവിലെ 11ഓടെയാണ് മയക്കുവെടിവച്ചത്.
ലയങ്ങൾക്കു സമീപമെത്തി ദുഷ്കരമായ പ്രദേശത്ത് ജീവൻപോലും പണയംവച്ചാണ് ദൗത്യസംഘം കടുവയെ മയക്കുവെടി വയ്ക്കാൻ തീരുമാനിച്ചതെന്നും ഡിഎഫ്ഒ പറഞ്ഞു. കടുവയുടെ ജീവൻ രക്ഷിക്കാൻ കഴിയാതെപോയത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
പത്തു വയസിനുമുകളിൽ പ്രായമുള്ള കടുവയാണെന്നും പല്ലുകൾ കൊഴിഞ്ഞിട്ടുണ്ടെന്നും കാലിൽ കുടുക്കുവീണ് ഗുരുതരമായ പരിക്കേറ്റിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.