പരുന്തുംപാറയിലെ റവന്യു ഭൂമി കൈയേറിയ 37 പേര്‍ക്കു നോട്ടീസ്
Tuesday, March 18, 2025 1:47 AM IST
കൊച്ചി: ഇടുക്കി പരുന്തുംപാറയിലെ റവന്യു ഭൂമി കൈയേറിയ 37 പേര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
പരുന്തുംപാറയിലെ കൈയേറ്റക്കാരുടെ പട്ടിക കഴിഞ്ഞ ദിവസം ഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിക്ക് നല്‍കിയതിനു പിന്നാലെയാണ് കോടതി നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചത്.
പീരുമേട്, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തുകളെ ഹര്‍ജിയില്‍ സ്വമേധയാ കക്ഷിചേര്‍ത്ത കോടതി ഇവര്‍ക്കു രേഖകള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്കി. തുടര്‍ന്ന് ഹര്‍ജി വീണ്ടും ഏപ്രില്‍ ഒന്നിനു പരിഗണിക്കാന്‍ മാറ്റി.
മൂന്നാര്‍ മേഖലയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇടുക്കിയിലെതന്നെ ചൊക്രമുടിയില്‍ മലയിടിച്ച് നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും കോടതി വിശദീകരണം തേടി.
നീലക്കുറിഞ്ഞിയടക്കം നശിപ്പിക്കുന്ന വിധമാണു മണ്ണെടുപ്പ് നടക്കുന്നതെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. ഇതുസംബന്ധിച്ച ചിത്രങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവിടത്തെ ഭൂവുടമകളുടെ പട്ടയം ജില്ലാ കളക്ടര്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.
മലയിടിച്ചു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.