എ.കെ. പുതുശേരി അന്തരിച്ചു
Monday, March 17, 2025 5:07 AM IST
കൊച്ചി: സാഹിത്യകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എ.കെ. പുതുശേരി (അഗസ്റ്റിൻ കുഞ്ഞാഗസ്തി -90) അന്തരിച്ചു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ഇന്നു രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചകഴിഞ്ഞു മൂന്നിന് ചിറ്റൂര്‍ റോഡിലെ സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയില്‍.
എസ്ടി റെഡ്യാര്‍ ആന്‍ഡ് സണ്‍സിലെ റിട്ട. ജീവനക്കാരനാണ്. നോവല്‍, ബാലസാഹിത്യം, സാമൂഹ്യ നാടകങ്ങള്‍, ചരിത്രം, കഥാപ്രസംഗങ്ങള്‍, ബാലെ, ബൈബിള്‍ നാടകം, ജീവചരിത്രം, കഥകള്‍, തിരക്കഥ, ടെലിഫിലിം, ഭക്തിഗാനം, ലളിതഗാനം ഉള്‍പ്പെടെ 94 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ഫിലോമിന. മക്കള്‍: ഡോ. ജോളി പുതുശേരി (ഹൈദരാബാദ് സെൻട്രല്‍ യൂണിവേഴ്സിറ്റി ഫോക്ക് ആന്‍ഡ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്), റോയി പുതുശേരി (എച്ച്ആര്‍ കണ്‍സള്‍ട്ടന്റ്, കൊച്ചി), ബൈജു പുതുശേരി (എച്ച്എഎല്‍ കൊച്ചി നേവല്‍ ബേസ്), നവീന്‍ പുതുശേരി (അധ്യാപകന്, ഇടപ്പള്ളി നോര്‍ത്ത് ഗവ. വൊക്കേഷണല്‍ ഹൈസ്കൂള്‍). മരുമക്കള്‍: റീത്ത (അധ്യാപിക, ഹൈദരാബാദ്), ബിനി (ഇന്‍ഫോപാര്‍ക്ക്), റിന്‍സി (കായിക അധ്യാപിക, സെന്റ് മേരീസ് എച്ച്എസ്എസ്, എറണാകുളം), പരേതയായ ടെസി.