സ്ത്രീശക്തിയുടെ പ്രഹരത്തില്‍ പിണറായി സര്‍ക്കാര്‍ തകര്‍ന്നുവീഴും: വി.ഡി. സതീശന്
Tuesday, March 18, 2025 1:02 AM IST
തിരുവനന്തപുരം: സ്ത്രീശക്തിയുടെ പ്രഹരത്തില്‍ പിണറായി സര്‍ക്കാര്‍ തകര്‍ന്നു താഴെ വീഴുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഇന്നലെ ആരംഭിച്ച അനിശ്ചിതകാല രാപകല്‍ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന അങ്കണവാടി ജീവനക്കാരുടേയും ആശാ വര്‍ക്കര്‍മാരുടേയും സമരങ്ങള്‍ കേരളത്തിലെ സ്ത്രീശക്തിയുടെ പ്രതിഷേധമാണ്.
10 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അങ്കണവാടി ജീവനക്കാര്‍ സമരം ആരംഭിച്ചിരിക്കുന്നത്. നിയമസഭയില്‍ അങ്കണവാടി ജീവനക്കാരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കും. കഷ്ടത അനുഭവിക്കുന്നവരുടെ സമരമാണിത്. ഈ സമരം വിജയിച്ചേ മതിയാകൂ. കേരളത്തിലെ അങ്കണവാടി ജീവനക്കാരുടെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഇന്ത്യന്‍ നാഷണല്‍ അംഗന്‍വാടി എംപ്ലോയീസ് ഫെഡറേഷനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി വിതരണം ചെയ്യുക, ഉത്സവബത്ത 1200 രൂപയില്‍നിന്നും 5000 രൂപയായി വര്‍ധിപ്പിക്കുക, ഇഎസ്ഐ ആനുകൂല്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അങ്കണവാടി ജീവനക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചത്.
യൂണിയന് പ്രസിഡന്റ് അജയ് തറയില്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, അഡ്വ. റീസ് പുത്തന്‍വീട്ടില്‍, നന്ദിയോട് ജീവകുമാര്‍, വി.ആര്. പ്രതാപന് തുടങ്ങിയവര്‍ പ്രസംഗിച്ചു.