ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് കവാടം ഉപരോധിച്ചു
Tuesday, March 18, 2025 1:02 AM IST
തിരുവനന്തപുരം: കനത്ത ചൂടിനെ വകവയ്ക്കാതെ ജീവിത ദുരിതത്തെ ആവേശമാക്കി ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് കവാടം ഉപരോധിച്ചു. രാവിലെ 10 ഓടെ ആരംഭിച്ച ഉപരോധ സമരത്തില്‍ ആയിരക്കണക്കിന് ആശാ വര്‍ക്കര്‍മാര്‍ അണിനിരന്നു. സമരത്തെ തകര്‍ക്കാനായി സര്‍ക്കാര്‍ എന്‍എച്ച്എമ്മിനെ ഉപയോഗിച്ച് ആശാ വര്‍ക്കര്‍മാര്‍ക്ക് വിവിധ പരിശീലന പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു.
ഇത് ബഹിഷ്കരിച്ചാണ് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍നിന്ന് ആശാവര്‍ക്കര്‍മാര്‍ ഒഴികെയെത്തിയത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു അധ്യക്ഷത വഹിച്ചു. സാഹിത്യകാരന് ഡോ.ജോര്‍ജ് ഓണക്കൂറിന്റെ പിന്തുണസന്ദേശം സമരവേദിയില്‍ കേള്‍പിച്ചു.
സമരം രാജ്യാന്തര ശ്രദ്ധ നേടിയിട്ടും സ്ത്രീത്തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാല്‍ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആശാ വര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. മാര്‍ച്ച് 20നാണ് നിരാഹാരസമരം ആരംഭിക്കുന്നത്. കേരളത്തില്‍ ചരിത്രം രചിക്കുന്ന ഈ പ്രക്ഷോഭം കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ മുഴുവന്‍ പിന്തുണയോടെ വിജയം വരിക്കുമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന് പറഞ്ഞു.
കെഎഎച്ച്ഡബ്ല്യുഎ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, എംഎല്‍എമാരായ കെ.കെ. രമ, മോന്‍സ് ജോസഫ്, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, മുന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, മുന്‍ തൊഴില്‍ മന്ത്രി ബാബു ദിവാകരന്, എസ്യുസിഐ(കമ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അംഗം മിനി കെ. ഫിലിപ്പ്, പെമ്പിളൈ ഒരുമൈ നേതാവ് ജി. ഗോമതി, ജനകീയ പ്രതിരോധ സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കെ. ശൈവപ്രസാദ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോര്‍ജ് മാത്യു കൊടുമണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉപരോധസമരത്തിനു മുന്നോടിയായി നടന്ന പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന നേതാക്കളായ കെ.പി. റോസമ്മ, റോസി, ഗിരിജ, ജി. രേണുക, ഷൈനി കോട്ടയം തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്കി. കനത്ത വെയിലിലും പെരുമഴയിലും ആവേശപൂര്‍വം ആശമാര്‍ സമരം തുടര്‍ന്നു.
ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഓണറേറിയം നല്‍കുന്നതിനായി നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
മുന്‍പ് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവ് സമ്മതിച്ചിരുന്നുവെങ്കിലും ഉത്തരവ് ഇന്നലെയാണ് ഇറങ്ങിയത്. അതേസമയം, പ്രധാന ആവശ്യങ്ങളായ ഓണറേറിയം വര്‍ധനയും പെന്‍ഷനും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ആവശ്യങ്ങളില്‍ ഒരെണ്ണം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും സമരത്തിന്റെ വിജയമാണ് ഇതെന്നും, എന്നാല്‍, സമരം അവസാനിപ്പിക്കില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.
നേരിടാൻ വന്‍ പോലീസ് സന്നാഹം
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ ഇന്നലെ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം നേരിടുന്നതിനെത്തിയത് വന്‍ പോലീസ് സന്നാഹം. സമരം ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പേ സെക്രട്ടേറിയറ്റ് പരിസരമാകെ പോലീസിനെ വിന്യസിച്ചിരുന്നു.
സെക്രട്ടേറിയറ്റിന്റെ മൂന്നു ഗേറ്റുകളും പോലീസ് അടച്ചുപൂട്ടി. കന്റോണ്‍മെന്റ് ഗേറ്റില്‍ കനത്ത സുരക്ഷയൊരുക്കി നൂറു കണക്കിനു പോലീസുകാരെയും വിന്യസിച്ചിരുന്നു.
ആശാ പ്രവര്‍ത്തകര്‍ സമരം കടുപ്പിച്ചതോടെ ഇന്നലെ രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറുവരെ എംജി റോഡില്‍ ഗതാഗതം തടസപ്പെട്ടു. സെക്രട്ടേറിയറ്റ് മതിലിനുള്ളിലും വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
സമരത്തിനു പിന്തുണ അര്‍പ്പിച്ചെത്തുന്ന സംഘടനാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മതില് ചാടിക്കടക്കുമെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ 36 ദിവസമായി സെക്രട്ടേറിയറ്റ് നടയില്‍ രാപകല്‍ സമരം ചെയ്യുന്ന ആശമാരെ സര്‍ക്കാര്‍ അവഗണിക്കുന്നില്‍ പ്രതിഷേധിച്ചാണ് ഇന്നലെ സമരം കടുപ്പിച്ചത്.