മുനമ്പത്ത് സർക്കാരിനു തിരിച്ചടി; ഇനി മുന്നിലുള്ളത് നിയമഭേദഗതിയും സമവായവും
Tuesday, March 18, 2025 1:47 AM IST
സിജോ പൈനാടത്ത്
കൊച്ചി: മുനന്പത്തെ ഭൂമിയിൽ വഖഫ് അവകാശവാദമുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ നിയോഗിച്ച സി.എൻ. രാമചന്ദ്രൻനായർ കമ്മീഷന് ഹൈക്കോടതി കൂച്ചുവിലങ്ങിട്ടതോടെ സർക്കാർ കൂടുതൽ വിഷമവൃത്തത്തിലായി.
സങ്കീർണമായ പ്രശ്നത്തിന്റെ പരിഹാരത്തിന് കമ്മീഷന്റെ സിറ്റിംഗുകളും പഠനവും റിപ്പോർട്ടും പൂർത്തിയാക്കുന്നതുവരെ സമയം കിട്ടുമെന്ന സർക്കാരിന്റെ കണക്കുകൂട്ടലിനുകൂടിയാണ് കോടതിവിധി തിരിച്ചടിയായത്.
തങ്ങളുടെ ഭൂമിയിൽ അടുത്തകാലംവരെ ഉണ്ടായിരുന്ന റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് സർക്കാരിനു നടപടി സ്വീകരിക്കാമെന്നിരിക്കെ, കമ്മീഷനെ നിയോഗിച്ചതു പ്രശ്നപരിഹാരത്തിന് ഗുണകരമാകില്ലെന്ന് മുനന്പം നിവാസികളും സമരസമിതിയും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രശ്നത്തിന് ശാശ്വതപരിഹാരം നീളാൻ കമ്മീഷൻ നിയമനം കാരണമാകുമെന്നും വിലയിരുത്തലുണ്ടായി. എങ്കിലും സർക്കാർ തീരുമാനത്തോടു സഹകരിക്കാമെന്ന നിലപാടിൽ കമ്മീഷന്റെ സിറ്റിംഗുകളിൽ സമരസമിതിയും പങ്കെടുത്തു.
മുനന്പം വിഷയത്തിൽ കമ്മീഷന്റെ നിയമസാധുതയും ആശയക്കുഴപ്പങ്ങളും തുടക്കം മുതൽ നിയമവൃത്തങ്ങളും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കമ്മീഷനെ പിന്തുണച്ച് സർക്കാർ മുന്നോട്ടുപോകുകയായിരുന്നു.
കമ്മീഷൻ നിയമനം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ പോകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എങ്കിലും മുനന്പത്തെ ഭൂമിയിൽ വഖഫ് അവകാശവാദം ഉന്നയിക്കാൻ കാരണമായ നിയമങ്ങളിൽ ഭേദഗതിക്കുള്ള സാധ്യതകൾ തേടുകയാണ് ഇനി സർക്കാരിന്റെ മുന്നിലുള്ള പ്രായോഗിക മാർഗമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തില്‍ കോടതികളില്‍ നിലവിലുള്ള കേസുകള്‍ക്കും വഖഫ് ആക്ടിലെ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള മറ്റു നിയമപ്രശ്നങ്ങള്‍ക്കും വ്യക്തതയുള്ള പരിഹാരം വേണം.
വഖഫ് ട്രൈബ്യൂണലിലെ വ്യവഹാരങ്ങൾക്കും രമ്യമായ പരിഹാരമുണ്ടാക്കണം. ഇതിനകം ദേശീയശ്രദ്ധയിലേക്കുവരെയെത്തിയ മുനന്പം വിഷയത്തിൽ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകാതിരിക്കാൻ ഒത്തുതീർപ്പു ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായേക്കും.
മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും നിലപാടെടുക്കുകയാണു പ്രധാനം. ആ നിലയിലുള്ള ചര്‍ച്ചകളാകും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്നാണ് മുനമ്പം നിവാസികളുടെ പ്രതീക്ഷ.
മുനമ്പത്തെ 610 കുടുംബങ്ങളാണ് വഖഫ് അവകാശവാദത്തിന്റെ പേരില്‍ പ്രതിസന്ധിയിലായിട്ടുള്ളത്. തങ്ങളുടെ ഭൂമിയിലുള്ള അവകാശങ്ങൾക്കായി പ്രദേശവാസികൾ നടത്തുന്ന റിലേ നിരാഹാരസമരം 156 ദിവസം പിന്നിട്ടു.