മില്ലുടമകളും സർക്കാരും ചേർന്ന് നെൽകർഷകരെ വഞ്ചിക്കുന്നു; നിയമസഭയിൽനിന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി
Tuesday, March 18, 2025 1:02 AM IST
തിരുവനന്തപുരം: മില്ലുടമകളുടെ ഏജന്റുമാരും സർക്കാരും ചേർന്ന് നെൽ കർഷകരെ വഞ്ചിക്കുന്ന സമീപനമാണു സ്വീകരിക്കുന്നതെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. കോട്ടയത്ത് രണ്ടു കിലോ കിഴിവിൽ നെല്ല് സംഭരിക്കാൻ മില്ലുടമകൾക്ക് ഒത്താശ നൽകിയത് സർക്കാരാണ്.
17 ദിവസം നെല്ല് കെട്ടിക്കിടന്നതിന്റെ ഗതികേടുകൊണ്ടാണ് കിഴിവിൽ നെല്ല് കയറ്റിവിടാന്‍ കർഷകർ തയാറായത്. പതിരില്ലാത്ത നെല്ലിന് ഈ വർഷം രണ്ടു കിലോ കിഴിവ് നേടിയെങ്കിൽ വരും വര്‍ഷങ്ങളില്‍ മൂന്നും അഞ്ചും കിലോ കൊണ്ടുവരുമെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
ഫെബ്രുവരി 28വരെ സംഭരിച്ച നെല്ലിന്റെ കുടിശിക കൊടുത്തു തീർക്കുമെന്നു അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറഞ്ഞ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഡിസംബർ 20 വരെയുള്ള തുക സർക്കാർ നൽകി. ഫെബ്രുവരി വരെയുള്ള തുക ബാങ്കുകൾക്കു സർക്കാർ നൽകിയിട്ടുണ്ട്. വൈകാതെ കർഷകരുടെ അക്കൗണ്ടുകളിൽ എത്തും.
കോട്ടയത്തെ പാടശേഖരങ്ങളിൽ കെട്ടിക്കിടന്ന നെല്ല് സംഭരിക്കുന്ന നടപടികൾ കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങി. രണ്ടു കിലോ കിഴിവ് കർഷകർ അംഗീകരിക്കാതിരുന്നതാണ് സംഭരണം വൈകാൻ കാരണം. നല്ലൊരു ശതമാനം കർഷകരും ഇത് അംഗീകരിച്ചതോടെയാണ് സംഭരണം തുടങ്ങിയത്. സബ്സിഡി ഇനത്തിൽ കേന്ദ്ര സർക്കാർ 1032 കോടി രൂപ നൽകാനുണ്ട്.
നെല്ല് സംഭരിക്കാൻ പാഡി പ്രോക്യൂർമെന്റ് സെന്റർ എല്ലാ കേന്ദ്രങ്ങളിലും ആരംഭിക്കണമെന്നത് അടക്കമുള്ള നിബന്ധനകൾ ഏർപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. കേരളത്തിന്റെ സാഹചര്യത്തിൽ നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതാണിതെന്നും മന്ത്രി പറഞ്ഞു.
നെല്ല് സംഭരണ വില കേന്ദ്ര സർക്കാർ ഉയർത്തിയപ്പോൾ സംസ്ഥാനം നൽകുന്ന തുക ആനുപാതികമായി കുറയ്ക്കുന്ന നടപടിയാണ് കേരളം സ്വീകരിച്ചതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ അനൂപ് ജേക്കബ് ആരോപിച്ചു.
കേന്ദ്രം നൽകിയിരുന്ന 19 രൂപ 23 രൂപയാക്കി ഉയർത്തിയപ്പോൾ ആനുപാതികമായി സംസ്ഥാന സർക്കാർ നൽകിയിരുന്ന ഒമ്പതു രൂപ 5.2 രൂപയായി കുറയ്ക്കുന്ന സമീപനമാണു കേരളം സ്വീകരിച്ചത്. എന്തുകൊണ്ടു സംസ്ഥാനം നെല്ലിന്റെ സംഭരണ വില ഉയർത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
സർക്കാർ മില്ലുടമകൾക്ക് ഒപ്പമാണോ കർഷകർക്ക് ഒപ്പമാണോയെന്നു വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, കെ.കെ. രമ എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.