നമ്മൾ വെറും ഡാറ്റകളല്ല
Monday, March 17, 2025 5:07 AM IST
ശാസ്ത്രപുരോഗതിയും സാങ്കേതികതയും മനുഷ്യജീവിതത്തെ കീഴ്മേൽമറിക്കുന്ന ഒരു കാലഘട്ടം. ധാരാളം നന്മകൾ അതിലൂടെ വരുന്നുണ്ടെങ്കിലും ഒപ്പം കടന്നുവരുന്ന ഹൃദയശൂന്യതയും തിന്മകളും ഒട്ടനവധി. നോന്പുകാലം ഹൃദയപരിവർത്തനത്തിലേക്കു നമ്മളെ ക്ഷണിക്കുന്നുണ്ട്.
എണ്ണമറ്റ ദാനങ്ങൾക്കും വളർച്ചാവികാസങ്ങൾക്കും നന്ദിയും എളിമയുമുള്ളവരായി ദൈവത്തെ മഹത്വപ്പെടുത്തി, സഹോദരങ്ങളെ ചേർത്തുനിർത്തി പൊതുഭവനമായ ഭൂമിയെ സംരക്ഷിച്ചു മുന്നോട്ടുനീങ്ങേണ്ട മനുഷ്യർ ഇന്നത്തെ സാങ്കേതിക ഉപകരണങ്ങൾക്കും കൃത്രിമബുദ്ധിക്കുമൊക്കെ അടിമയായി മാറുന്ന ദയനീയാവസ്ഥ പലപ്പോഴും കാണുന്നു.
ജീവനും മനുഷ്യബുദ്ധിയും ദൈവദാനങ്ങളാണെന്നും അതിനോളം വരില്ല മറ്റൊരു കൃത്രിമബുദ്ധിയെന്നും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടുന്നത് നിരവധി അപകടങ്ങളുടെ സൂചനയാണ്.
മനുഷ്യത്വം
ആശയവിനിമയത്തിന്റെയും അറിവിന്റെയും വികാസത്തിന്റെയും കുതിച്ചുചാട്ടങ്ങൾ ഹൃദയഭാവങ്ങളെ മറന്നു മുന്നേറുന്പോൾ അതു വ്യക്തികളെ വെറും ഡാറ്റകളായും യന്ത്രങ്ങളായും അധപ്പതിപ്പിക്കുന്നു. ഡിജിറ്റൽവിപ്ലവങ്ങളിലൂടെ സ്വാതന്ത്ര്യത്തിനു പകരം അടിമത്തം ഇരന്നുവാങ്ങുന്ന ബുദ്ധിശൂന്യതയും തിരുത്തപ്പെടേണ്ടതാണ് (Antiqua et nova). മനുഷ്യത്വത്തെയും മാനവികതയെയും അപകടത്തിലാക്കുന്നതൊന്നും വികാസമല്ലെന്നുള്ള തിരിച്ചറിവ് അനിവാര്യം. സാങ്കേതികവിദ്യയിൽ സന്പന്നരും മനുഷ്യത്വത്തിൽ ദരിദ്രരുമായി മാറുന്ന ഇക്കാലഘട്ടം ഹൃദയവിചാരങ്ങളിൽനിന്നാണ് കുതിക്കേണ്ടതെന്നു ഫ്രാൻസിസ് മാർപാപ്പ ഓർമപ്പെടുത്തുന്നു.
"നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ നയിക്കാനുള്ള വിവേകം ഈ ദാസനു നൽകിയാലും’ (1രാജ.3:9). ഇക്കാലഘട്ടത്തിന് ആവശ്യമായ പ്രാർഥനയാണിത്.

ഐക്യത്തെയും സമഗ്രതയെയും ഹൃദയം പ്രതീകവത്കരിക്കുന്നു. ഒപ്പം അത് മനുഷ്യവികാരങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ കണക്കിലെടുക്കുകയും ചെയ്യുന്നു. എല്ലാറ്റിലും ഉപരി ദൈവവുമായുള്ള മനുഷ്യന്റെ കൂടിക്കാഴ്ചയുടെ ഇടമാണ് ഹൃദയം. അതിനാൽ ഹൃദയജ്ഞാനമാണ് മനുഷ്യസമൂഹത്തിനു പാരസ്പര്യവും പരസ്പരാദരവും പങ്കുവയ്ക്കലും പക്വതയും നൽകുന്നത്. ഹൃദയജ്ഞാനം വീണ്ടെടുത്തുകൊണ്ടുമാത്രമേ കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ വായിച്ച് യഥാർഥ ആശയവിനിമയത്തിലേക്കുള്ള പാത തുറക്കാനാകൂ.
ഹൃദയം പറയുന്നത്
ഹൃദയംകൊണ്ടു കാണാനും ഹൃദയംകൊണ്ടു കേൾക്കാനും ഹൃദയംകൊണ്ടു സംസാരിക്കാനും അങ്ങനെ എല്ലാറ്റിലും ഹൃദയത്തിനു സ്ഥാനം നൽകാൻ സാധിക്കുന്പോൾ അവിടെയാണ് മനുഷ്യത്വം സാർഥകമാകുന്നത്.
സ്നേഹിക്കാൻ ആഗ്രഹിക്കുന്ന സകലർക്കും ഈശോയുടെ തിരുഹൃദയം ഇടതടവില്ലാതെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന സ്നേഹമാണ്. ആ സ്നേഹത്തിൽനിന്നു മാത്രമേ ഒരു പുതിയ മാനവികത രൂപം കൊള്ളുകയുള്ളൂ (ദിലെക്സിത് നോസ്). സ്നേഹത്താൽ തുടിക്കുന്ന ഈശോയുടെ തിരുഹൃദയത്തിൽനിന്നു വിവേകവും ശാന്തിയും വിനയവും സ്വീകരിച്ചുകൊണ്ട് കാലോചിതമായ നോന്പ് നമുക്ക് അനുഷ്ഠിക്കാം. ഹൃദയശൂന്യരെന്ന് ആരും നമ്മെ പരിഹസിക്കാതിരിക്കട്ടെ.