രാജപാതയിലെ സഞ്ചാരസ്വാതന്ത്ര്യം അവകാശം: മാര്‍ പുന്നക്കോട്ടില്‍
Monday, March 17, 2025 5:07 AM IST
കോതമംഗലം: ആലുവ-മൂന്നാര്‍ രാജപാതയിലെ സഞ്ചാര സ്വാതന്ത്ര്യം മൗലിക അവകാശമാണെന്നും അത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. ആലുവ - മൂന്നാര്‍ രാജപാത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ജനമുന്നേറ്റ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. താന്‍ ഈ റോഡിലൂടെ പലതവണ മാങ്കുളം, ആനക്കുളം പ്രദേശത്തേക്ക് യാത്ര നടത്തിയിട്ടുണ്ട്. അന്നൊന്നും ആരും തടഞ്ഞിട്ടില്ല. ഇപ്പോള്‍ വനം വകുപ്പ് യാത്ര തടയുന്നതിന്റെ കാരണം മനസിലാകുന്നില്ല.
99 ലെ വെള്ളപ്പൊക്കത്തില്‍ റോഡിന്റെ കുറെ ഭാഗം തകര്‍ന്നു പോയതിനാല്‍ സഞ്ചാരം അസാധ്യമായി. റോഡ് നന്നാക്കുന്നതിന് പകരം അത് അടച്ചുപൂട്ടുന്നത് ജനാധിപത്യ അവകാശങ്ങള്‍ക്ക് മേലുള്ള കൈകടത്തലാണെന്നും മാര്‍ പുന്നക്കോട്ടില്‍ പറഞ്ഞു. യാത്രയ്ക്കു മുന്നോടിയായി പൂയംകുട്ടിയില്‍ നടന്ന സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, മാത്യു കുഴല്നാടന് എംഎല്‍എ, കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. വിന്‍സന്റ് നെടുങ്ങാട്ട്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ജന മുന്നേറ്റത്തില്‍ വനം വകുപ്പിന് മുട്ടുമടക്കേണ്ടിവരും: ഡീന്‍ കുര്യാക്കോസ്
രാജഭരണകാലത്ത് ലഭ്യമായിരുന്ന സ്വാതന്ത്ര്യം ജനാധിപത്യത്തില്‍ നിഷേധിക്കുന്നത് നീതിയല്ലെന്നു ഡീന്‍ കുര്യാക്കോസ് എംപി ജനമുന്നേറ്റയാത്ര ഉദ്ഘാടനം ചെയ്തു പറഞ്ഞു. പിഡബ്ല്യുഡി, റവന്യു രേഖകളില്‍ രാജപാതയെ സംബന്ധിച്ച കൃത്യമായ തെളിവുകള്‍ നിലനില്‍ക്കേയാണ് വനംവകുപ്പ് ജനാധിപത്യവിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുന്നത്. പഴയ ആലുവ - മൂന്നാര്‍ റോഡ് സഞ്ചാരയോഗ്യമാകുന്നതുവരെ സമരരംഗത്ത് ഉറച്ചുനില്‍ക്കും. ജനകീയ മുന്നേറ്റത്തിന് മുമ്പില്‍ വനം വകുപ്പിനും അധികാരികള്‍ക്കും മുട്ടുമടക്കേണ്ടിവരുമെന്നും എംപി വ്യക്തമാക്കി.
ലോക്സഭയില്‍ ഉന്നയിക്കും: ഫ്രാന്‍സിസ് ജോര്‍ജ്
ആലുവ -മൂന്നാര്‍ രാജപാത തുറക്കണമെന്ന ആവശ്യം അടിയന്തിരപ്രമേയമായി ലോക്സഭയില്‍ ഉന്നയിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. കേന്ദ്ര വനം മന്ത്രിയെ നേരിട്ടുകണ്ട് ഇടപെടല്‍ ആവശ്യപ്പെടുമെന്നും പൂയംകുട്ടിയില്‍ ജനമുന്നേറ്റ യാത്രയില്‍ പങ്കെടുത്തു പ്രസംഗിക്കുന്നതിനിടെ ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു.
പോരാട്ടത്തിൽ പിന്നോട്ടില്ല: ആന്റണി ജോൺ
രാജപാത തുറക്കണമെന്ന ആവശ്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ആന്റണി ജോണ്‍ എംഎല്‍എ പറഞ്ഞു. വര്‍ഷങ്ങളായി നടത്തുന്ന പോരാട്ടമാണെങ്കിലും വിജയം കൈവരിക്കാനായിട്ടില്ല. പോരാട്ടത്തില്‍നിന്ന് ഇനി പിന്നോട്ടില്ലെന്നും പൂയംകുട്ടിയില്‍ ജനമുന്നേറ്റ യാത്രയ്ക്കു മുന്നോടിയായി നടന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് എംഎല്‍എ വ്യക്തമാക്കി.