കേരളത്തിലേക്കു മായം കലര്‍ന്ന പാല്: സര്‍ക്കാര്‍ നടപടി വൈകുന്നു
ബിനു ജോർജ്
Monday, March 17, 2025 5:07 AM IST
കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു മായം കലര്‍ന്ന പാല് എത്തുന്നുവെന്ന് മുന്‍കാല പരിശോധനകളില്‍നിന്നു വ്യക്തമായിട്ടുണ്ടെങ്കിലും ക്ഷീരവികസന വകുപ്പിന്റെ പാല് പരിശോധനാ സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടി വൈകുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പു വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നുവെങ്കിലും നടപടികള്‍ക്കു കാര്യമായ വേഗമില്ല.
നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന അതിര്‍ത്തിയിലുള്ള പാല് പരിശോധനാ ചെക്ക് പോസ്റ്റുകളിലെ ക്ഷീരവികസന ഓഫീസര്‍മാര്‍ക്കു ഫുഡ് സേഫ്റ്റി ഓഫീസറുടെ അധികാരം നല്‍കുന്നതായിരുന്നു യോഗത്തിലെ പ്രധാന അജണ്ട.
മായം കലര്‍ന്ന പാല് പിടികൂടിയാല്‍ സാമ്പിള്‍ ശേഖരിക്കുവാനോ പാല് കസ്റ്റഡിയിലെടുക്കാനോ ക്ഷീരവികസന വകുപ്പിന് അധികാരമില്ല. തുടര്‍നടപടി സ്വീകരിക്കേണ്ടതു ഭക്ഷ്യസുരക്ഷാ വകുപ്പാണ്. മറ്റൊരു വകുപ്പിനു പാല് കൈമാറി നടപടി സ്വീകരിക്കുമ്പോഴുണ്ടാകുന്ന കാലതാമസം പരിഗണിച്ച് പാല് പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പിനെ ഏല്‍പ്പിക്കണോ എന്ന ആലോചനയും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിരുന്നു.
ക്ഷീരവികസന വകുപ്പിലെ ലാബുകള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകാരം ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എഫ്എസ്എസ്എഐ അംഗീകാരമുള്ള ലാബിലെ പരിശോധനാഫലത്തിനു മാത്രമേ നിയമസാധുതയുള്ളൂ.
പരിശോധനാ ഫലം വൈകുമ്പോള്‍, കസ്റ്റഡിയിലുള്ള പാല് കട്ടിപിടിക്കുകയോ കേടാവുകയോ ചെയ്യും. ഇത്തരം സംഭവങ്ങള്‍ വലിയ നിയമക്കുരുക്ക് സൃഷ്ടിച്ച സാഹചര്യത്തില്‍ക്കൂടിയാണ് ക്ഷീരവികസന വകുപ്പ് ഓഫീസര്‍മാര്‍ക്ക് ഫുഡ് സേഫ്റ്റി ഓഫീസറുടെ അധികാരം നല്കാന് ആലോചന ഉയര്‍ന്നത്.
മീനാക്ഷിപുരം ചെക്ക്പോസ്റ്റില്‍ 2022ല്‍ ക്ഷീരവികസന വകുപ്പ് പിടികൂടിയ മായം കലര്‍ന്ന പാല് നടപടി സ്വീകരിക്കാതെ തിരിച്ചയച്ചത് വിവാദമായിരുന്നു. തുടര്‍ നടപടി സ്വീകരിക്കാന്‍ അധികാരമില്ലെന്ന കാരണത്താലാണ് അമോണിയ കലര്‍ത്തിയ പാല് തിരിച്ചയച്ചത്.