മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷിക്കാനാകാതെ ആയിരങ്ങൾ
Tuesday, March 18, 2025 1:02 AM IST
തൃശൂർ: സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പ്രഖ്യാപിച്ച മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട തീയതി പുനഃപരിശോധിക്കണമെന്ന് ആവശ്യം.
അപേക്ഷിക്കാവുന്നവരുടെ വരുമാനപരിധി ഒരുലക്ഷത്തിൽനിന്ന് 2.5 ലക്ഷമായി ഉയർത്തി ഈമാസം 12നാണ് ന്യൂനപക്ഷ ഡയറക്ടറേറ്റ് ഉത്തരവിറക്കിയത്. 13നു മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. 15 ആയിരുന്നു അവസാന തീയതി. രണ്ടു പ്രവൃത്തിദിവസം മാത്രമാണ് പതിനായിരക്കണക്കിന് അപേക്ഷകർക്കു ലഭിച്ചത്. ഒട്ടേറെപ്പേർക്ക് അപേക്ഷിക്കാനായിട്ടില്ല.
കേന്ദ്ര സർക്കാർ ന്യൂനപക്ഷവിദ്യാർഥികൾക്കായി നടപ്പാക്കിയ പ്രീമെട്രിക് സ്കോളർഷിപ്പ് നിർത്തിയ സാഹചര്യത്തിലാണു സംസ്ഥാന സർക്കാർ ബദൽ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് ഒന്പതിന് ആദ്യ ഉത്തരവിറക്കിയെങ്കിലും ഒരുലക്ഷമായിരുന്നു വരുമാനപരിധി.