പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരനു കുത്തേറ്റു
Monday, March 17, 2025 5:07 AM IST
ഗാന്ധിനഗർ (കോട്ടയം): മോഷണക്കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സുനു ഗോപി (37) ക്കാണ് കുത്തേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചിന് എസ്എച്ച് മൗണ്ട് വാട്ടർ ടാങ്കിന് സമീപത്തായിരുന്നു സംഭവം.
ചുങ്കം ഭാഗത്ത് വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിലെ പ്രതിയായ മള്ളുശേരി പാലക്കുഴിയിൽ അരുൺ ബാബുവാണ് പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവ സ്ഥലത്തുതന്നെ അരുൺ ബാബുവിനെ ഗാന്ധിനഗർ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. പോലീസ് ഉദ്യോഗസ്ഥന്റെ ഇടതു ചെവിക്കും കഴുത്തിനും ഇടയ്ക്ക് രണ്ടിഞ്ച് ആഴത്തിലാണ് കുത്തേറ്റത്. കഴിഞ്ഞ മാസം രണ്ടിന് എംസി റോഡിൽ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന ശ്യാം പ്രസാദ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടിരുന്നു.
ലഹരിക്കടിമയായ ജിബിൻ ജോർജാണ് ശ്യാമിനെ കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ജില്ലയിൽ വീണ്ടും പോലീസിനുനേരേ ആക്രമണം ഉണ്ടായത്.