കനത്ത മഴയിൽ നിറഞ്ഞൊഴുകിയ ഓവുചാലിൽ വീണ് മധ്യവയസ്കനു ദാരുണാന്ത്യം
Tuesday, March 18, 2025 1:02 AM IST
കോഴിക്കോട്: കനത്ത മഴയിൽ നിറഞ്ഞൊഴുകിയ ഓവുചാലിൽ വീണ് കഴിഞ്ഞ ദിവസം രാത്രി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം കോവൂർ-പാലാഴി എംഎൽഎ റോഡിൽ മോറ ബസാറിൽ കളത്തുംപൊയില്‍ ശശി (ബാബു-58) ആണു മരിച്ചത്.
അപകടംനടന്ന മോറ ബസ് സ്റ്റോപ്പിനു സമീപത്തുനിന്നു രണ്ടു കിലോമീറ്റർ മാറി റോഡിനോടു ചേർന്ന ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴ കാരണം ഞായറാഴ്ച രാത്രിയോടെ നിർത്തിവച്ച തെരച്ചിൽ ഇന്നലെ പുനരാരംഭിക്കാനിരിക്കേ രാവിലെ എഴോടെ മൃതദേഹം കണ്ടതായി നാട്ടുകാരാണ് പോലീസിനേയും അഗ്നിരക്ഷാ സേനയേയും അറിയിച്ചത്. കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ശശി ഓടയിൽ വീണത്. കോവൂർ എംഎൽഎ റോഡിൽ മണലേരിത്താഴത്തെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി വീട്ടിലേക്ക് പോകാനായി എഴുന്നേറ്റപ്പോള്‍ കനത്ത മഴയില്‍ കാല് തെറ്റി ഓവുചാലിൽ വീഴുകയായിരുന്നു.
മഴയെത്തുടർന്ന് റോഡിനോട് ചേർന്നുള്ള ഓവുചാൽ വെള്ളംനിറഞ്ഞ് കുത്തിയൊലിക്കുകയായിരുന്നു. ബസ് സ്റ്റോപ്പിന് തൊട്ടുപുറകിലായാണ് ഓടയുള്ളത്. വീണയുടനെ സമീപത്തുണ്ടായിരുന്ന ആളുകൾ തെരച്ചിൽ നടത്തിയെങ്കിലും ശശിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് നാട്ടുകാർ വെള്ളിമാടുകുന്ന്അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാരും അഗ്നിരക്ഷാ സേനയും സന്നദ്ധപ്രവർത്തരും രണ്ടു കിലോമീറ്ററോളം ദൂരത്തിൽ രാത്രി ഒരുമണിവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നെല്ലിപ്പതാഴത്ത് ഓടയുടെ സ്ലാബിന് അടിയിൽ അടിഞ്ഞുകൂടിയ മാലിന്യത്തിനടിയിലും തെരഞ്ഞെങ്കിലും കണ്ടെത്താനാനായില്ല.
ശക്തമായ മഴയും തെരച്ചിനു വെല്ലുവിളിയായി. കോവൂർ, ചേവായൂർ, ചേവരമ്പലം, മെഡിക്കൽ കോളജ് പ്രദേശങ്ങളിലെ വെള്ളം അപകടമുണ്ടായ ഓവുചാലിലൂടെയാണു മാമ്പുഴയിലാണ് എത്തുന്നത്.
കൂലിപ്പണിക്കാരനാണ് ശശി. ഭാര്യ: ചന്ദ്രിക. മക്കള്‍: ചിത്തുലാല്( സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍ -ബംഗളൂരു) അശ്വതി. മരുമകന്: നിഷാന്ത്. മൃതദേഹം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിച്ചു.