കൈക്കൂലി കേസ്: അലക്സ് മാത്യു റിമാന്‍ഡില്‍
Monday, March 17, 2025 5:07 AM IST
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഡിജിഎം അലക്സ് മാത്യു റിമാന്‍ഡില്‍.
ഗ്യാസ് എജന്‍സി ഉടമയില്‍ നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയാണ് അലക്സ് മാത്യു വിജിലന്‍സിന്റെ പിടിയിലായത്. തുടര്‍ന്ന് ഇന്നലെ രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പരിശോധനയില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നു കണ്ടെത്തി യതിനെത്തുടര്‍ന്ന് അലക്സിനെ ഡിസ്ചാര്‍ജ് ചെയ്തു.
തുടര്‍ന്ന് വിജിലന്‍സിന്റെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിലെത്തിച്ച ഇയാളെ വൈകുന്നേരത്തോടെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. ഈ മാസം 29 വരെയാണ് റിമാന്‍ഡ് കാലാവധി. അലക്സ് മാത്യുവിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം നാളെ കോടതിയില്‍ കസ്റ്റഡി അപപേക്ഷ നല്‍കും.
കൊല്ലം കടയ്ക്കലിലെ ഗ്യാസ് ഏജന്‍സി ഉടമയായ മനോജിന്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍നിന്നാണ് കഴിഞ്ഞ ദിവസം രാത്രി വിജിലന്‍സ് അലക്സ് മാത്യുവിനെ കൈക്കൂലി പണവുമായി പിടികൂടിയത്.
മനോജിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് ഏജന്‍സിയില്‍നിന്നും ഉപയോക്താക്കളെ മാറ്റാതിരിക്കാന്‍ പത്തു ലക്ഷം രൂപയാണ് അലക്സ് മാത്യു ആവശ്യപ്പെട്ടത്.
കൈക്കൂലി ആവശ്യപ്പെട്ടുള്ള ഭീഷണി തുടര്‍ന്നതോടെ മനോജ് ആദ്യം സിബിഐയെ ആണ് സമീപിച്ചത്. എന്നാല്‍, കോടതി വഴി വന്നാലേ തങ്ങള്‍ക്ക് കേസെ ടുക്കാന്‍ കഴിയൂ എന്ന് കാണിച്ച് വിജിലന്‍സിനെ സമീപിക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ ഉപദേശിച്ചതോടെയാണ് മനോജ് വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയുടെ മേല്‍നോട്ടത്തിലായിരുന്നു പിന്നീടുള്ള നടപടികള്‍. തുടര്‍ന്ന് നടത്തിയ ഓപ്പറേഷന് ഹസ്തയിലൂടെ നാടകീയമായാണ് വിജിലന്‍സ് അലക്സിനെ കുടുക്കിയത്.
പിന്നാലെ പൂജപ്പുരയിലെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് തലവന്‍ ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം സര്‍വസജ്ജമായി. പണം കൈമാറിയുടന് വിജിലന്‍സ് സംഘമെത്തി അലക്സ് മാത്യുവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.