മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് : ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര ക്രമക്കേട്
റെനീഷ് മാത്യു
Monday, March 17, 2025 5:07 AM IST
കണ്ണൂർ: മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ച് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട്. പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ നൽകിയ റിപ്പോർട്ടിലാണ് ആശങ്ക അറിയിച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്ന ഡ്രൈവറുടെ കാര്യക്ഷമത റോഡ് സുരക്ഷയിൽ വളരെ പ്രധാനമാണ്.
75 ശതമാനത്തോളം അപകടങ്ങൾ ഉണ്ടാകുന്നതു ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്നു ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണു പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഡ്രൈവിംഗ് ടെസ്റ്റ് നിയമാനുസൃതമാണോയെന്നു പരിശോധിച്ചത്. വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ജോയിന്റ് ഫിസിക്കൽ വേരിഫിക്കേഷനാണ് നടത്തിയത്. സംസ്ഥാനത്തെ 10 ഓഫീസുകളിലാണ് പരിശോധന നടത്തിയത്.മാനുവൽ ടെസ്റ്റ് നടക്കുന്ന സ്ഥലങ്ങളിൽ താഴെപ്പറയുന്ന ക്രമക്കേടുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
* ടെസ്റ്റിന്റെ കൂടെ പാർക്കിംഗ് ടെസ്റ്റ് നടത്തണം. അതിനു പാർക്കിംഗ് ട്രാക്ക് വേണം. കേന്ദ്ര നിയമം ഇങ്ങനെയാണ്. കൂടാതെ, ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ ഉണ്ട്. പക്ഷേ, ടെസ്റ്റ് നടത്തിയ ഒരു സ്ഥലത്തും പാർക്കിംഗ് ട്രാക്ക് ഇല്ലെന്നും കണ്ടെത്തി.
* ടെസ്റ്റ് നടത്തുന്ന വാഹനങ്ങൾക്കു രജിസ്ട്രേഷൻ വാലിഡിറ്റി പോലുള്ള കാര്യങ്ങൾ ഇല്ല. 10 ഓഫീസുകളിൽ പരിശോധിച്ചപ്പോൾ തൃശൂർ, ഗുരുവായൂർ, വയനാട് എന്നിവിടങ്ങളിൽ മൂന്നു വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കിയിട്ടില്ല.
കോട്ടയം, കൊടുങ്ങല്ലൂർ എന്നിവടങ്ങളിൽ ടെസ്റ്റ് നടത്തുന്ന വാഹനങ്ങൾക്കു പുക പരിശോധിച്ച സർട്ടിഫിക്കറ്റില്ല. കോട്ടയത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന അഞ്ച് വാഹനങ്ങൾ 22 വർഷം കാലാവധി കഴിഞ്ഞതാണ്.
* പത്തിൽ എട്ട് ഓഫീസുകളിലും ഡ്രൈവിംഗ് ടെസ്റ്റിനു മുൻപ് നടത്തേണ്ട റോഡ് സുരക്ഷാ ക്ലാസ് നടത്തുന്നില്ല.
* ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് വീഡിയോ റെക്കോർഡ് ചെയ്യണം എന്നാണ് നിർദേശം. ഈ വീഡിയോകൾ ഡെപ്യൂട്ടി കമ്മിഷണർ, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർ പരിശോധിച്ച് ക്രമക്കേടുകൾ ഉണ്ടോ എന്നു നോക്കണം. എന്നാൽ, പരിശോധന നടന്ന ഒരു ഓഫീസിലും ഇങ്ങനെ ഒരു റെക്കോർഡിംഗ് നടക്കുന്നില്ല.
* ടെസ്റ്റിംഗ് ഗ്രൗണ്ടിൽ അത്യാവശ്യ സൗകര്യങ്ങളും ഇല്ല. 960 രൂപ സർവീസ് ചാർജ് ഉൾപ്പെടെ വാങ്ങിയിട്ടും കുടിവെള്ളം, വാഷ് റൂം, വെയ്റ്റിംഗ് റൂം, മഴ നനയാതെ ക്യൂ നിൽക്കാനുള്ള സൗകര്യം എന്നിവയൊന്നും പത്തിൽ എട്ടു സ്ഥലത്തും ഇല്ല.
കണ്ടെത്തലുകൾ
വിവിധ ആർടി ഓഫീസുകളോട് അനുബന്ധമായി 2012 മുതൽ തുടങ്ങിയ ഒൻപത് ഓട്ടോമാറ്റിക്ക് ഡ്രൈവിംഗ് ടെസ്റ്റിംഗ് സ്റ്റേഷനുകളിൽ രണ്ടെണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. കണ്ണൂരിൽ 2013ൽ തുടങ്ങിയത് ഇപ്പോഴും പ്രവർത്തിക്കുന്നു. 2012 ൽ കോഴിക്കോട് തുടങ്ങിയത് ട്രയൽ റൺ നടക്കുന്നു. ഏഴെണ്ണം ഇപ്പോൾ പ്രവർത്തിക്കുന്നില്ല.