നാടകലോകത്തെ പുതുശേരിപ്രഭ
സിജോ പൈനാടത്ത്
Monday, March 17, 2025 5:07 AM IST
കൊച്ചി: നാടകങ്ങള്‍ മുതല്‍ പാട്ടുകള്‍ വരെ... എഴുത്തിന്റെ ധാരകളില്‍ അഗസ്റ്റിന് കുഞ്ഞാഗസ്തി എന്ന എ.കെ. പുതുശേരിയുടെ തൂലികയ്ക്കു വഴങ്ങാത്തതായി ഒന്നുമുണ്ടായിരുന്നില്ല. ബൈബിള്‍ പ്രമേയങ്ങളിലുള്പ്പെടെ അരങ്ങുകളില്‍ വിസ്മയങ്ങളായി മാറിയ അനേകം നാടകങ്ങള്‍, നോവല്‍, ചെറുകഥ, തിരക്കഥ, കവിത, ബാലസാഹിത്യം, ജീവചരിത്രം, കഥാപ്രസംഗം, ലളിതഗാനം, ഭക്തിഗാനം... പുതുശേരിപ്രഭ അടയാളപ്പെടുത്തിയ സൃഷ്ടികള്‍ നിരവധിയാണ്.
പ്രായത്തിനേക്കാള്‍ മുകളിലാണ് എ.കെ. പുതുശേരി എഴുതിയ ഗ്രന്ഥങ്ങളുടെ എണ്ണം. ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടത് 95 പുസ്തകങ്ങള്‍. ആദ്യപുസ്തകം ‘ഭാരമുള്ള കുരിശ്’ എഴുതിയത് 20-ാം വയസില്‍.
എറണാകുളം കച്ചേരിപ്പടിയിലെ എസ്ടി റെഡ്യാര്‍ ആന്‍ഡ് സണ്‍സ് പ്രസിലെ മാനേജ്മെന്റ് വിഭാഗത്തില്‍ ആറു പതിറ്റാണ്ടോളം ജീവനക്കാരനായിരുന്ന പുതുശേരി, അവിടെനിന്നുള്ള വിവിധ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. നാടകമേഖലകളിലും സജീവമായിരുന്നു. കോവിഡ് കാലം വരെ പ്രസില്‍ ജോലി ചെയ്തു.
കേരളത്തിലെ പ്രഫഷണല്‍ നാടകരംഗത്ത് പ്രധാന സ്ഥാനത്തുള്ള കെസിബിസി നാടകമേളയുടെ ആരംഭഘട്ടം മുതല്‍ എ.കെ. പുതുശേരിയുടെ മികവ് മേളയിലുണ്ടായിരുന്നു. ആദ്യത്തെ മൂന്നു നാടകമേളകളിലും മികച്ച നാടകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത് എ.കെ. പുതുശേരിയുടെ രചനകളാണ്. ആദ്യമേളയിലെ മികച്ച നാടകം ‘കാനായിലെ കല്യാണം’, രണ്ടാംമേളയില് ഒന്നാംസ്ഥാനം നേടിയ ‘വചനം തിരുവചനം’ എന്നിവ എഴുതിയത് പുതുശേരിയാണ്. രണ്ടു നാടകങ്ങളും അവതരിപ്പിച്ചത് കൊച്ചിന് തിയറ്റേഴ്സാണ്.
മൂന്നാംവര്‍ഷം എഴുതിയ ‘യഹോവയുടെ മുന്തിരിത്തോപ്പ്’ മേളയിലെ സ്പെഷല്‍ കാഷ് അവാര്‍ഡിന് അര്‍ഹമായി. പുതുശേരിയുടെ നാടകങ്ങള്‍ സംവിധാനം ചെയ്ത ജെ.സി. കുറ്റിക്കാട് പില്ക്കാലത്തു സിനിമയിലെത്തി.
തുടര്‍ന്ന് എ.കെ. പുതുശേരി എഴുതിയ നാടകങ്ങളേറെയും കാര്‍മല്‍ തിയറ്റേഴ്സാണ് അരങ്ങിലെത്തിച്ചത്. 108 പള്ളികളില്‍ അവതരിപ്പിച്ച ‘വാഗ്ദത്തഭൂമി’ ഉള്‍പ്പെടെ 22 ബൈബിള്‍ നാടകങ്ങള്‍ പുതുശേരി രചിച്ചിട്ടുണ്ട്. മറിയം മഗ്ദലേന, ബാബേല്‍ ഗോപുരം, അക്കല്ദാമ, സോദോം ഗൊമോറ, ഗോല്‍ഗോത്ത, അത്തിപ്പഴത്തിന്റെ നാട്ടില്‍, സമരഗാഥ, തിരിച്ചുവരവ്, നിഷ്കളങ്കന്റെ രക്തം, ഇവനെന്റെ പ്രിയപുത്രന്, കാനായിലെ കല്യാണം എന്നിവ പുതുശേരിയുടെ നാടകങ്ങളില്‍ ചിലതാണ്. കടുവയും കിടുവയും, ആറ് അനശ്വരകഥകള്‍, നീതിയുടെ തുലാസ്, പൂമ്പാറ്റകളുടെ സങ്കീര്‍ത്തനം തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ബാലസാഹിത്യരചനകളാണ്. അവസാനത്തെ പുസ്തകമായ ‘വിരുതന് വര്‍ക്കി’ നവതി ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചു.
എറണാകുളത്തെ വിവിധ നാടകസംഘങ്ങള്‍ക്കായി നാടകങ്ങളും ബാലെകളും പുതുശേരി എഴുതിയിട്ടുണ്ട്. ‘ഉര്‍വശി’ എന്ന ബാലെ രണ്ടു പതിറ്റാണ്ടിലധികം വേദികളിലുണ്ടായിരുന്നു. സായികുമാറും രേവതിയും മുഖ്യ കഥാപാത്രങ്ങളായ ‘കൃഷ്ണപക്ഷക്കിളികള്’ എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ അദ്ദേഹത്തിന്റേതായിരുന്നു. ടെലിഫിലിമുകളും റേഡിയോ നാടകങ്ങളും എഴുതിയിട്ടുണ്ട്.
മനസ് തേടുന്നവര്‍, കാടിന്റെ ദാഹം, ചിലമ്പൊലി, അന്വേഷണം, പുലരി തേടുന്ന സന്ധ്യ തുടങ്ങിയവ പുതുശേരിയുടെ നോവലുകളാണ്. അവസാനത്തെ നോവല്‍ ‘സ്വപ്നക്കാരന്‍’. സംഗീതനാടക അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും തേടിയെത്തി.
‘ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍ ഞാനാരാണെന്നീശോയേ...’ എന്നാരംഭിക്കുന്ന പ്രസിദ്ധമായ ക്രിസ്തീയ ഭക്തിഗാനം പുതുശേരിയുടെ രചനയാണ്. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന പുതുശേരി, കൊച്ചിയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ നടന്ന എ.കെ. പുതുശേരിയുടെ നവതി ആഘോഷത്തില്‍ പ്രഫ. എം.കെ. സാനു പറഞ്ഞതിങ്ങനെ: “എഴുതുന്നതിലൂടെ ആത്മസംതൃപ്തിയറിയുന്ന പുതുശേരി, ഇന്നോളം കേരളത്തിനായി നിര്‍വഹിച്ചത് സാംസ്കാരിക സേവനമായിരുന്നു.”