ആലുവ-മൂന്നാര്‍ രാജപാത തുറക്കണം; ജനമുന്നേറ്റ യാത്രയില്‍ അണിനിരന്ന് ആയിരങ്ങള്‍
ജിജു കോതമംഗലം
Monday, March 17, 2025 5:07 AM IST
കോതമംഗലം: പഴയ ആലുവ-മൂന്നാര്‍ റോഡില്‍ (രാജപാത) പൊതുജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു നടന്ന ജനമുന്നേറ്റയാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു. പൂയംകുട്ടിയില്‍നിന്ന് ആരംഭിക്കുന്ന രാജപാതയിലൂടെ ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളുടെയും മത, സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു യാത്ര.
പ്രായത്തിന്റെ അവശതകള്‍ മറന്ന് കോതമംഗലം മുന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ യാത്രയുടെ മുന്‍നിരയില്‍ അണിചേര്‍ന്നത് ഏവര്‍ക്കും ആവേശമായി. രാജപാത പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുറന്നുകിട്ടുന്നതിനായി ഇതുവരെ സംഘടിപ്പിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ഇന്നലെ നടന്നത്.
മൂവായിരത്തോളം പേര് ജനമുന്നേറ്റ യാത്രയില്‍ പങ്കാളികളായി. ജനപ്രതിനിധികളും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖരും യാത്ര നയിച്ചു. പൂയംകുട്ടി ചപ്പാത്ത് ജംഗ്ഷനില്‍നിന്ന് ആരംഭിച്ച യാത്രയെ ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു സമീപം വനപാലകരും പോലീസും തടയാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൊതുമരാത്ത് റോഡിലൂടെയുള്ള യാത്രയെ ഫോറസ്റ്റ് അധികൃതര്‍ക്കു തടസപ്പെടുത്താന്‍ അവകാശമില്ലെന്ന നിലപാടിലായിരുന്നു ജനങ്ങള്‍. വനപാലകര്‍ റോഡ് തടസപ്പെടുത്തി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ എടുത്തുമാറ്റിയാണ് ജനങ്ങള്‍ രാജപാതയിലൂടെ മുന്നോട്ടുനീങ്ങിയത്. രാജപാതയിലൂടെ രണ്ടര കിലോമീറ്ററോളം ദൂരം പിന്നിട്ടശേഷം പ്രതിഷേധ യോഗത്തോടെയാണു യാത്ര അവസാനിപ്പിച്ചത്.
ആലുവ-മൂന്നാര്‍ രാജപാത ജനങ്ങള്‍ക്കു സഞ്ചരിക്കാന്‍ അവകാശപ്പെട്ട പാതയാണെന്നും ആരുടെയും ഔദാര്യമില്ലാതെ പൊതുജനത്തിന് ഇതുപയോഗിക്കാന്‍ സാധിക്കണമെന്നുമുള്ള നാടിന്റെ വികാരം വ്യക്തമാക്കുന്നതിന്റെ സൂചനയാണ് ജനകീയ മുന്നേറ്റയാത്രയെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.