കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Monday, March 17, 2025 5:07 AM IST
വൈക്കം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. വെച്ചൂർ അംബികാ മാർക്കറ്റിനു സമീപം പുന്നത്തറ സാബുവിന്റെ മകൻ സുധീഷാ(29)ണ് മരിച്ചത്.
അപകടത്തിൽ ബസിലെ കണ്ടക്ടറടക്കം 30 പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ബസ് സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. പരിക്കേറ്റവരിൽ ഏഴുപേർ വൈക്കം താലൂക്ക് ആശുപത്രിയിലും മറ്റു ചിലർ ചേർത്തലയിലെ ആശുപത്രിയിലും ചികിൽസ തേടി.
ഇന്നലെ വൈകുന്നേരം 4.45ന് വെച്ചൂർ ചേരകുളങ്ങര ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. കെഎസ്ആർടിസി ബസ് ചേർത്തലയിൽ നിന്നു കോട്ടയത്തേക്കും ബൈക്ക് അംബികാ മാർക്കറ്റ് ഭാഗത്തേക്കും വരികയായിരുന്നു. സുധീഷ് നാടൻപാട്ടു കലാകാരനാണ്. അമ്മ: കുഞ്ഞുമോൾ.സഹോദരങ്ങൾ: സുഭാഷ്, മനു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.