സഹകരണ ബാങ്കുകൾ സഹകരിക്കണം; ക്ഷേമപെൻഷനായി 1000 കോടി കടമെടുക്കാൻ നീക്കം
Sunday, March 16, 2025 1:33 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ നൽകാൻ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്ന് 1,000 കോടി രൂപകൂടി കടമെടുക്കാൻ സർക്കാർ നീക്കം.
സാന്പത്തിക വർഷാവസാനത്തെ ചെലവുകൾ ക്രമീകരിക്കാൻ നെട്ടോട്ടമോടുന്നതിനിടെയാണ് ക്ഷേമപെൻഷൻ വിതരണം മുടങ്ങാതിരിക്കാൻ സഹകരണ ബാങ്കുകളിൽനിന്നു ഹ്രസ്വകാല വായ്പ എടുക്കാനുള്ള നീക്കം തുടങ്ങിയത്.
സാമൂഹികസുരക്ഷാ പെൻഷൻ വിതരണത്തിന് 890 കോടിയോളം രൂപ ആവശ്യമുണ്ട്. സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യത്തിലൂടെ ക്ഷേമപെൻഷൻ തുക കണ്ടെത്തുന്നതിനായി കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന പെൻഷൻ കന്പനി രൂപീകരിച്ചിരുന്നു. എന്നാൽ, കോവിഡിനു ശേഷം ഈ പെൻഷൻ കന്പനി വഴി ക്ഷേമപെൻഷൻ വിതരണത്തിന് ആവശ്യമായ മുഴുവൻ തുകയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലത്രേ.
1000 കോടി സമാഹരിക്കാൻ ലക്ഷ്യമിടുന്പോൾ പലപ്പോഴും 250-300 കോടി രൂപ മാത്രമാണ് സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യം വഴി സ്വരൂപിക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ, കോവിഡ് കാലത്തിനു മുൻപു വരെ സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യം വഴി ക്ഷേമപെൻഷൻ ഫണ്ട് കണ്ടെത്താനാകുമായിരുന്നു.
പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്നു കടമെടുത്തു തുക നൽകാൻ നിർദേശിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി. 90 ദിവസത്തേക്ക് ഒൻപതു ശതമാനം പലിശനിരക്കിലാണ് 1000 കോടി രൂപ കടമെടുക്കാൻ നിർദേശിക്കുന്നത്. ക്ഷേമപെൻഷൻ മൂന്നു മാസത്തെ കുടിശികയുണ്ട്. ഇതു നിലനിർത്തിയാണ് ഇപ്പോൾ അതതു മാസത്തെ പെൻഷൻ നൽകുന്നത്.
സാന്പത്തികവർഷാവസാനമായ മാർച്ചിലെ ചെലവുകൾക്കായി 20,000 മുതൽ 25,000 കോടി രൂപ വരെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞദിവസം 5990 കോടി രൂപയുടെ അധികവായ്പയ്ക്കു കേന്ദ്രാനുമതി ലഭിച്ചിരുന്നു.
വൈദ്യുതി പ്രസരണ-വിതരണ മേഖലയിലെ നഷ്ടവുമായി 6,000 കോടിയോളം രൂപ കടമെടുക്കാൻ അനുമതി ലഭിക്കുമെന്നാണു കരുതുന്നത്. ഇതു കൂടാതെ ചരക്കുസേവന നികുതി വരുമാനത്തിലും മദ്യം, പെട്രോളിയം ഉത്പന്നങ്ങൾ തുടങ്ങിയവയിൽനിന്നുള്ള വില്പനനികുതിയിലും വരുമാനവർധന ഉണ്ടാകുമെന്നാണു സർക്കാർ പ്രതീക്ഷ.