സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധിക്കും
Tuesday, March 18, 2025 1:02 AM IST
കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെത്തന്നെ താളം തെറ്റിക്കുന്ന തരത്തില്‍ ഡയറക്ടറുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിലപാടുകളില്‍ പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍ ഇന്നു പ്രതിഷേധിക്കും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനു മുന്നില്‍ ഡോക്ടര്‍മാര്‍ ഇന്ന് ധര്‍ണ നടത്തും.
ഡോക്ടര്‍മാര്‍ക്കു നേരേ അന്യായമായും തിടുക്കത്തിലുമുള്ള ശിക്ഷാനടപടികള്‍ക്കു മുതിരുന്ന മേധാവി സര്‍വീസ് സംബന്ധമായ പ്രശ്നങ്ങള്‍ക്കു സമയബന്ധിതമായി പരിഹാരം കാണുന്നതില്‍ ആ ജാഗ്രത കാട്ടുന്നില്ലെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. സുനില്‍ പറഞ്ഞു.
പൊതുജനങ്ങളെ നേരിട്ടു ബാധിക്കുന്ന തരത്തില്‍ മാനവ വിഭവശേഷിയില്‍ കടുത്ത കുറവ് നേരിടുന്ന വകുപ്പില്‍ നിലവിലുള്ളതില്ത്തന്നെ അഞ്ഞൂറോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇതു നികത്താന്‍ സംഘടന സമര്‍പ്പിച്ച പ്രായോഗിക നിര്‍ദേശങ്ങള്‍ ഒന്നുംതന്നെ വകുപ്പ് സ്വീകരിച്ചിട്ടില്ല.
ഒഴിവുകള്‍ നികത്താതെ കിടക്കുമ്പോള്‍ത്തന്നെ ഡോക്ടര്‍മാരുടെ വിവിധ സര്‍വീസ് വിഷയങ്ങളിലെ ഫയലുകള്‍ മാസങ്ങളായി തീര്‍പ്പാകാതെ ഡയറക്ടറേറ്റില്‍ കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പുതല അച്ചടക്ക നടപടികളുടെ പേരില്‍ നടക്കുന്നത് അക്ഷരാര്‍ഥത്തില്‍ പ്രതികാരബുദ്ധിയോടെയുള്ള കാര്യങ്ങളാണ്.
സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച ഡോ. വന്ദന ദാസ് കൊലപാതകത്തില്‍ പ്രതിഷേധിച്ച് കെജിഎംഒഎയുടെ നേതൃത്വത്തില്‍ നടന്ന നിസഹകരണ പ്രതിഷേധത്തിന്റെ ഭാഗമായി ഒരു ഉദ്ഘാടനച്ചചടങ്ങില്നിന്ന് വിട്ടുനിന്ന ഡോക്ടര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റ് തടയുന്ന ശിക്ഷയാണ് ഡിഎച്ച്എസ് നല്‍കിയിരിക്കുന്നത്. ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ ആ സമയം തന്റെ ആശുപത്രിയില്‍ എത്തിയ രോഗികളെ ചികിത്സിച്ച ഡോക്ടറാണ് പ്രസ്തുത ശിക്ഷാനടപടിക്ക് വിധേയനായിരിക്കുന്നത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വിഐപി ഡ്യൂട്ടികളില്‍നിന്ന് വിട്ടുനിന്നതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരേ പ്രതികാര മനോഭാവത്തോടുകൂടി അച്ചടക്ക നടപടികള്‍ ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.