വെടിവച്ചുകൊന്നത് ഭീതിപരത്തിയ കടുവയെ
Tuesday, March 18, 2025 1:02 AM IST
വണ്ടിപ്പെരിയാർ: ഗ്രാന്പിക്കു സമീപം അരണയ്ക്കലിലെ എസ്റ്റേറ്റ് ലയത്തിനു സമീപം ഭീതിവിതച്ച കടുവയെയാണ് ദൗത്യസംഘം വെടിവച്ചുകൊന്നത്.
മയക്കുവെടിവച്ചു പിടികൂടാൻ ശ്രമിക്കുന്നതിനിടെ ദൗത്യസംഘത്തിനു നേരെ പാഞ്ഞടുത്ത കടുവയെ പ്രാണരക്ഷാർഥം വെടിവയ്ക്കുകയായിരുന്നുവെന്നാണ് കോട്ടയം ഡിഎഫ്ഒ പറഞ്ഞത്. ഇന്നലെ പുലർച്ചെ 2.30ഓടെയാണ് കടുവയെ അരണയ്ക്കലിൽ കണ്ടെത്തിയത്. ഇതോടെ മയക്കുവെടിവച്ചു പിടികൂടാനുള്ള ഒരുക്കം വനംവകുപ്പ് ആരംഭിച്ചു.
രാവിലെ 11ഓടെ സംഘം കടുവയ്ക്ക് 15 മീറ്റർ അകലെയെത്തി.11.10ന് ആദ്യ മയക്കുവെടിയുതിർത്തു. ഇതു ലക്ഷ്യം കണ്ടില്ല. 15 മിനിറ്റിനു ശേഷം രണ്ടാമത്തെ മയക്കുവെടി വച്ചു. ഇതോടെ കടുവ ദൗത്യ സംഘത്തിനുനേരേ പാഞ്ഞടുക്കുകയായിരുന്നു.
സംഘാംഗമായ മനുവിന്റെ കൈയിൽ ഉണ്ടായിരുന്ന ഫൈബർ ഷീൽഡും ഹെൽമറ്റും കടുവ അടിച്ചുപൊട്ടിച്ചു. വീണ്ടും ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചുവീഴ്ത്തുകയായിരുന്നു. ഗ്രാന്പിയാട് ചേർന്നുള്ള തോട്ടം മേഖലയാണ് അരണയ്ക്കൽ. നിരവധി തൊഴിലാളികൾ അധിവസിക്കുന്ന ലയത്തിനു സമീപം കടുവയെത്തിയതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. ഞായറാഴ്ച കടുവയെ മയക്കുവെടിവച്ച് പിടികൂടുന്നതിനായി ഗ്രാന്പിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ ഇന്നലെ അരണയ്ക്കൽ എസ്റ്റേറ്റിൽ എത്തിയ കടുവ തൊഴിലാളിയായ നാരായണന്റെ പശുവിനെയും രണ്ടു വളർത്തുനായ്ക്കളെയും ആക്രമിച്ച് കൊല്ലുകയും ചെയ്തു. തുടർന്ന് ഇതിനോട് ചേർന്നുള്ള തേയിലക്കാട്ടിൽ നിലയുറപ്പിച്ചു.
നായ്ക്കളുടെ കുരകേട്ട് ലയത്തിലുള്ള തൊഴിലാളികൾ ഇറങ്ങി നോക്കിയപ്പോഴാണ് വീട്ടുമുറ്റത്ത് കടുവ എത്തിയത് കണ്ടത്. തുടർന്ന് എസ്റ്റേറ്റ് മാനേജ്മെന്റിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. ഇതേത്തുടർന്നു വെറ്ററിനറി ഡോക്ടർമാരായ അനുരാജ്, അനുമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമെത്തി കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ശ്രമിക്കുകയായിരുന്നു.
ദൗത്യത്തിനിടെ വെടിയേറ്റ് ചത്ത കടുവയുടെ പോസ്റ്റ്മോർട്ടം ഇന്നു തേക്കടിയിൽ നടക്കും. തുടർന്നു തേക്കടി വനത്തിനുള്ളിൽ കടുവയുടെ ജഡം മറവുചെയ്യും.
ഇതേ സമയം കടുവയെ വെടിവച്ചുകൊന്ന സംഭവം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ പ്രാണരക്ഷാർഥം കടുവയെ വെടിവച്ചുകൊല്ലാമെങ്കിൽ ജനവാസ മേഖലയിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന കടുവയെ വെടിവയ്ക്കാൻ എന്തുകൊണ്ട് അനുമതി നൽകുന്നില്ലെന്ന ചോദ്യമാണ് ജനങ്ങൾ ഉയർത്തുന്നത്.