കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച; സൗഹൃദസന്ദര്‍ശനമെന്ന് മുഖ്യമന്ത്രി
Tuesday, March 18, 2025 1:02 AM IST
തിരുവനന്തപുരം: ന്യൂഡല്‍ഹി കേരള ഹൗസില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ രമേശ് ചെന്നിത്തലയുടെ പരാമര്‍ശനത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കൂടിക്കാഴ്ചയില്‍ സൗഹൃദ സംഭാഷണം മാത്രമാണ് നടന്നതെന്നും അതൊരു ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗ് മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് തന്റേതായ രാഷ്ട്രീയമുണ്ട്. ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെതും കേന്ദ്ര ധനമന്ത്രിക്ക് അവരുടേതും.
കൂടിക്കാഴ്ചയില്‍ പൊതുവായ കാര്യങ്ങളാണ് സംസാരിച്ചത്. അവിടെ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. കേരളത്തിന്റെ കാര്യങ്ങളിൽ ധനമന്ത്രി ഗൗരവമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. മറ്റുതരത്തില്‍ ഒരു നിവേദനം കൊടുക്കലും ഉണ്ടായില്ല.
ഗവര്‍ണര്‍ പാലമായി നില്‍ക്കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിനും മുഖ്യമന്ത്രി സഭയില്‍ മറുപടി നല്കി. ഗവര്‍ണര്‍ ക്ഷണിച്ചിട്ടല്ല താന്‍ കൂടിക്കാഴ്ചയ്ക്ക് ചെന്നതെന്നും താന്‍ ക്ഷണിച്ച പ്രകാരമാണ് ഗവര്‍ണര്‍ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.