ടി.പി. കേസ് പ്രതികൾക്ക് എന്തിന് ഇത്ര പരോൾ?
Tuesday, March 18, 2025 1:02 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കൊലപാതക കേസുമായി ബന്ധമില്ലെന്ന് ആണയിടുന്ന സർക്കാർ എന്തിനാണ് കേസിലെ പ്രതികൾക്ക് യഥേഷ്ടം പരോൾ നൽകുന്നതെന്ന് കെ.കെ. രമ.
ആഭ്യന്തര വകുപ്പിനെക്കുറിച്ചുള്ള ധനാഭ്യർഥനാ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുന്പോഴാണ് രമ സർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
പ്രതികൾക്ക് 1300 ദിവസം വരെ പരോൾ അനുവദിച്ചിരിക്കുകയാണ്. നിങ്ങളുടെ ആജ്ഞ നിറവേറ്റിയതിനാൽ പ്രതികൾക്കു പരോൾ നൽകാൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. പോലീസിന്റെയും എക്സൈസിന്റെയും തണലിലാണ് കേരളത്തിൽ ലഹരി മാഫിയ പടർന്നു പന്തലിച്ചത്.
ലഹരി വ്യാപനത്തിൽ പോലീസും എക്സൈസും സന്പൂർണ പരാജയമാണ്. ഇപ്പോൾ റെയ്ഡ് നടത്തി നിരവധി പേരെ പിടികൂടുന്നുണ്ട്. ഇതുവരെ എക്സൈസും പോലീസും എവിടെയായിരുന്നു എന്ന് രമ ചോദിച്ചു.
സംസ്ഥാന പോലീസ് ആർഎസ്എസിനു വിധേയപ്പെടുകയാണ്. ആർഎസ്എസ് നേതാവുമായി ചർച്ച നടത്തിയ എഡിജിപിയെ ഡിജിപിയാക്കുന്നതിനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എന്തു സന്ദേശമാണ് നൽകുന്നതെന്നു രമ ചോദിച്ചു.