ഒറ്റയ്ക്കല്ല, ഒന്നിച്ച്
Tuesday, March 18, 2025 1:02 AM IST
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ദൈവ-മനുഷ്യ ബന്ധത്തിന്റെ ഒറ്റവാക്കാണ് സഹനടത്തം (സിനഡാലിറ്റി). ദൈവം മനുഷ്യന്റെ കൂടെ നടന്നതിന്റെയും ഒരിക്കലും പിരിയാത്ത കൂട്ട് അവനു സമ്മാനിച്ചതിന്റെയും സ്മരണകൂടിയാണ് നോന്പ്. ഈ ഓർമകളിൽ പ്രത്യാശയുടെ തീർഥാടകരായി ഹൃദയത്തെയും ഹൃദയഭാവങ്ങളെയും വീണ്ടെടുക്കാനുള്ള ആഹ്വാനമാണ് സഭ ഇന്നു നമുക്കു നൽകുന്നത്.
ഒപ്പം നടക്കുന്ന സഭയും സമൂഹവുമാണ് വേദപുസ്തകത്തിന്റെ പൊരുൾ; "യേശുവും അടുത്തെത്തി അവരോടൊപ്പം യാത്ര ചെയ്തു' (ലൂക്കാ 24:15). സൃഷ്ടിയിലും ഇസ്രയേലിന്റെ പുറപ്പാടിലും ഈശോയുടെ മനുഷ്യാവതാരത്തിലും അവിടുത്തെ സഹനമരണോത്ഥാനങ്ങളിലുമെല്ലാം നിറഞ്ഞുതുളുന്പുന്നത് ഈ ഒറ്റവാക്കിന്റെ സഹിതസൗരഭ്യമാണ്. അതുകൊണ്ടാണ് സഭാ പിതാവായ ക്രിസോസ്തോം "സഹനടത്തത്തിന്റെ പേരാണ് സഭ'യെന്നു പറയുന്നത്.
ഒപ്പം നടക്കാം
ഒപ്പം നടക്കുകയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ശീലം കുടുംബാംഗങ്ങൾ വീണ്ടെടുത്താൽ ഇന്നത്തെ സകല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നതാണ് വാസ്തവം. ഒപ്പം നടന്നവരുടെ കാലം മാറി. എല്ലാവർക്കും അവനവന്റെ വഴിയേ പോകണം. ഒറ്റയ്ക്കു നടക്കുന്നവർ പെരുകി. സാമൂഹികജീവി എന്ന അടിസ്ഥാന ബോധ്യംപോലും നഷ്ടപ്പെട്ട മനുഷ്യർക്കിടയിൽ സഹനടത്തം ഒരു പ്രതിസംസ്കാരം സൃഷ്ടിക്കുന്നുണ്ട്.
കൂടെ നടക്കുന്ന ഉത്ഥിതനെ തിരിച്ചറിയുന്നതാണ് നോന്പ്. ജീവിതാനുഭവങ്ങളുടെ ഇരുൾവീണ വഴികളിൽ നിരാശരായി നീങ്ങുന്ന ശിഷ്യരോടൊപ്പമാണ് അവൻ യാത്ര ചെയ്യുന്നത്. പിന്നീട് അവർക്കു പറയാനുള്ളത് ശ്രദ്ധാപൂർവം ശ്രവിച്ചു. എന്നിട്ട് അവരുമായി സംഭാഷണത്തിലേർപ്പെട്ടു. അങ്ങനെ അവർ അവനെ തിരിച്ചറിഞ്ഞു. പിന്നീട് അവർ അപ്പം മുറിച്ച്, ഒരുമിച്ചു പങ്കിടുകയാണ്. സഭയുടെ സഹനടത്തത്തിന്റെ സർഗാത്മകമായ പഞ്ചമാർഗമാണ് ഇത്. കൂടെ നടക്കുക, ശ്രവിക്കുക, സംഭാഷണം നടത്തുക, തിരിച്ചറിയുക, ബലിയാകുക. നോന്പുകാലം നമ്മെ ക്ഷണിക്കുന്നതും ഇതിലേക്കാണ്.
കൂടെനടന്നിരുന്നെങ്കിൽ നമ്മൾ കുറച്ചുകൂടി മെച്ചപ്പെട്ട ഒരു സമൂഹമായേനെ. പറയാനുള്ള തിടുക്കത്തേക്കാൾ മറ്റുള്ളവരെ ശ്രവിക്കാനായിരുന്നെങ്കിൽ നല്ലൊരു മനുഷ്യൻ നമ്മിൽ രൂപപ്പെട്ടേനെ. സ്നേഹസംഭാഷണങ്ങൾ നമ്മെ കുറച്ചുകൂടി സ്വാതന്ത്ര്യത്തിലേക്കു നയിക്കുമായിരുന്നില്ലേ? തിരിച്ചറിവുകൾ നേർവഴികളിൽ നമ്മളെ പുനഃപ്രതിഷ്ഠിച്ചേനെ. ഒപ്പംനടക്കലിന്റെ പാഠങ്ങൾ നമ്മിൽ ജീവനും പ്രത്യാശയും നിറയ്ക്കുമായിരുന്നില്ലേ?