മോണോക്ലിനിക് യിട്രിയം ഓക്സൈഡ് നിർമാണം: ഗവേഷകർക്കു പേറ്റന്റ്
Monday, March 17, 2025 5:07 AM IST
ആലുവ: രാസസംശ്ലേഷണ രീതിയിലൂടെ വിഷരഹിതമായ മോണോക്ലിനിക് യിട്രിയം ഓക്സൈഡ് സൃഷ്ടിച്ച ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിലെ ഗവേഷണ വിദ്യാഥിനി സൂര്യ ജി. നാഥിനും സൂപ്പർവൈസറായ പ്രഫ. ഡോ. ഇ.ഐ. അനിലയ്ക്കും ഇന്ത്യൻ പേറ്റന്റ് ലഭിച്ചു.
2021 മുതൽ 20 വർഷത്തേക്കാണ് പേറ്റന്റിന്റെ സാധുത. ഡിസ്പ്ലേ സാങ്കേതികവിദ്യയിലും ബയോമെഡിക്കൽ മേഖലയിലും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ക്രിസ്റ്റൽ ഘടനയുള്ള മോണോക്ലിനിക് യിട്രിയം ഓക്സൈഡ് 90 ഡിഗ്രി സെൽഷസിലാണു നിർമിച്ചത്.
യുസി കോളജിൽ എംഎസ്സി പൂർത്തിയാക്കിയ സൂര്യ ജി. നാഥ് നിലവിൽ പ്രഫ. ഡോ. ഇ.ഐ. അനിലയുടെ മാർഗനിർദേശത്തിൽ പിഎച്ച്ഡി പഠനം തുടരുകയാണ്. യു.സി കോളജ് ഫിസിക്സ് വിഭാഗം മുൻ പ്രഫസറായ ഡോ. അനില ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്.