തട്ടിപ്പുകളെ ഗൗരവത്തോടെയാണ് കാണുന്നത്: മുഖ്യമന്ത്രി
Tuesday, March 18, 2025 1:02 AM IST
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന വിവിധ തരം തട്ടിപ്പുകളെ പോലീസ് ഗൗരവത്തോടെയാണു കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തട്ടിപ്പുകളെക്കുറിച്ചു പോലീസിന്റേതടക്കമുള്ള വിവിധ ഏജൻസികൾ നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
എന്നാൽ ഏതെങ്കിലും തരത്തിലുള്ള ഓഫറുകളോ വാഗ്ദാനങ്ങളോ നൽകുന്ന സ്ഥാപനങ്ങൾക്കെതിരേ ആദ്യമേതന്നെ നിയമപരമായ നടപടികളെടുക്കാൻ പോലീസിനു പരിമിതിയുണ്ട്. ഇത്തരം സ്ഥാപനങ്ങൾ തട്ടിപ്പു നടത്തുമെന്നു പറഞ്ഞ് അവർക്കെതിരേ കേസെടുക്കാനാവില്ല. തട്ടിപ്പു നടന്നാൽ കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഭൂരിഭാഗം സന്നദ്ധ സ്ഥാപനങ്ങളും സദ്ദുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നവയാണ്. എന്നാൽ അക്കൂട്ടത്തിൽ ഇമ്മാതിരി തട്ടിപ്പുകൾ നടത്തുന്നവരുണ്ട്. അതേക്കുറിച്ചു വിശദമായി പരിശോധിക്കും.
മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പിന്തുണച്ചു. അതിബുദ്ധിമാന്മാരാണെന്നു ധാരണയുള്ള മലയാളികളാണ് ഇന്ത്യയിൽ കബളിപ്പിക്കുന്നതിലും കബളിപ്പിക്കപ്പെടുന്നതിലൂം കൂടുതലെന്ന് അദ്ദേഹം പറഞ്ഞു.
“പാതിവില തട്ടിപ്പ്;1343 കേസുകൾ രജിസ്റ്റർ ചെയ്തു”
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ടു ഈ മാസം 12-വരെ സംസ്ഥാനത്ത് 1,343 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 665 കേസുകൾ ക്രൈം ബ്രാഞ്ചിനു കൈമാറാൻ തീരുമാനിച്ചിട്ടുണ്ട്. എറണാകുളം ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷണത്തിനു മേൽനോട്ടം വഹിക്കും. മുഖ്യപ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിച്ചും വിവിധ കേസുകളിൽ ഉൾപ്പെട്ട രേഖകൾ പിടിച്ചെടുത്തുമാണു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നികുതി വിതരണത്തിൽ കേരളത്തിന് അർഹമായ വിഹിതം ലഭ്യമാക്കുന്നില്ലെന്ന്
നികുതി വിതരണത്തിൽ കേരളത്തിന് അർഹമായ വിഹിതം ലഭ്യമാക്കാത്തതും ധന കമ്മീഷനുകളുടെ അവാർഡുകളിൽ വന്ന കുറവും ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതും റവന്യു കമ്മി ഗ്രാന്റിൽ വന്ന കുറവും അടക്കം കേന്ദ്രനടപടികൾ സംസ്ഥാന പുരോഗതി കുറയാൻ കാരണമായതായി മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര- സംസ്ഥാന അനുപാതത്തിലെ മാറ്റങ്ങൾ, വേതനം, ഭരണച്ചെലവുകൾ മുതലായ ഉപഘടകങ്ങളിലെ വ്യതിയാനം എന്നിവ പദ്ധതികളുടെ നടത്തിപ്പിൽ സംസ്ഥാനത്തിന് അധിക സാന്പത്തിക ബാധ്യതയുണ്ടാകുവാൻ കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.