കേരള സംഗീതനാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Tuesday, March 18, 2025 1:02 AM IST
തൃശൂർ: കേരള സംഗീതനാടക അക്കാദമിയുടെ 2024ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വീണവിദ്വാൻ എ. അനന്തപത്മനാഭൻ, നാടകകൃത്തും സംവിധായകനുമായ സേവ്യർ പുൽപ്പാട്ട്, നർത്തകിയും നൃത്ത അധ്യാപികയുമായ കലാമണ്ഡലം സരസ്വതി എന്നിവർക്കാണു ഫെലോഷിപ്.
അക്കാദമിയുടെ പരിധിയിൽ വിവിധ കലാമേഖലകളിൽ സമഗ്രസംഭാവന നൽകിയവർക്കാണ് 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ഫെലോഷിപ്.
അക്കാദമി അവാർഡിനു 18 പേരെയും ഗുരുപൂജ പുരസ്കാരത്തിന് 22 പേരെയും തെരഞ്ഞെടുത്തു. അവാർഡ്, ഗുരുപൂജ പുരസ്കാരജേതാക്കൾക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും സമ്മാനിക്കും. പുരസ്കാരസമർപ്പണത്തിനുള്ള തീയതി പിന്നീടു പ്രഖ്യാപിക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.
അക്കാദമി അവാർഡ് ജേതാക്കൾ: ചേപ്പാട് എ.ഇ. വാമനൻനന്പൂതിരി-ശാസ്ത്രീയസംഗീതം (വായ്പാട്ട്), ആവണീശ്വരം വിനു-വയലിൻ, തൃക്കരിപ്പൂർ രാമകൃഷ്ണമാരാർ-ചെണ്ട, മഹേഷ് മണി-തബല, സ്റ്റീഫൻ ദേവസി-കീബോർഡ്, മിൻമിനി ജോയ്-ലളിതസംഗീതം, കോട്ടയം ആലീസ് (ആലീസ് ഉണ്ണികൃഷ്ണൻ)-ലളിതഗാനം, ഡോ. ശ്രീജിത്ത് രമണൻ-നാടകം, അജിത നന്പ്യാർ-നാടകം, വിജയൻ വി. നായർ-നാടകം, ബാബുരാജ് തിരുവല്ല-നാടകം, ബിന്ദു സുരേഷ് (എം.എസ്. ബിന്ദു)-നാടകം, കപില-കൂടിയാട്ടം, നങ്ങ്യാർകൂത്ത്, കലാമണ്ഡലം സോമൻ-കഥകളിവേഷം, ഡോ. കലാമണ്ഡലം രചിത രവി-മോഹിനിയാട്ടം, അപർണ വിനോദ് മേനോൻ-ഭരതനാട്യം, കലാഭവൻ സലീം-മിമിക്രി, ബാബു കോടഞ്ചേരി-കഥാപ്രസംഗം.