കാതോലിക്കാ വാഴിക്കൽ; ജോസഫ് മാർ ഗ്രിഗോറിയോസ് ലബനനിലേക്ക് യാത്ര തിരിച്ചു
Tuesday, March 18, 2025 1:02 AM IST
നെടുമ്പാശേരി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിയുക്ത കാതോലിക്കാ ബാവ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സ്ഥാനാരോഹണത്തിനായി ലബനനിലേക്ക് പുറപ്പെട്ടു. ഇന്നലെ രാവിലെ 9.40ന് എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ദുബായ് വഴിയാണ് അദ്ദേഹം പോയത്.
25ന് ലബനനിലെ അച്ചാനെയിലുള്ള സെന്റ് മേരീസ് കത്തീഡ്രലിലാണു വാഴിക്കൽ. ഇന്ത്യയിൽനിന്ന് മെത്രാപ്പോലീത്തമാരും വൈദികരും അടക്കം 300ഓളം പേർ ഈ ശുശ്രൂഷയിൽ സംബന്ധിക്കും. 30നാണ് അദ്ദേഹം മടങ്ങിയെത്തുക. മലങ്കര സഭ അന്ന് അദ്ദേഹത്തിന് വൻ വരവേല്പ് നൽകും.
നിയുക്ത ബാവയ്ക്ക് മെത്രാപ്പോലീത്തമാരായ ഏല്യാസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ അഫ്രേം, കുര്യാക്കോസ് മാർ യൗസേബിയോസ്, മാത്യൂസ് മാർ അന്തീമോസ് എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.