സമരം വ്യാപിപ്പിക്കുമെന്ന് മുനന്പം ഭൂസംരക്ഷണ സമിതി
Tuesday, March 18, 2025 1:47 AM IST
കൊച്ചി: ജുഡീഷൽ കമ്മീഷനിലൂടെ മുനമ്പത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനാകുമെന്ന് മുഖ്യമന്ത്രി തന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷനുമായി സഹകരിച്ചു പോകാൻ തങ്ങൾ തയാറായതെന്ന് ഭൂസംരക്ഷണ സമിതി.
കമ്മീഷനെ നിയമിക്കുന്നുവെന്ന് അറിയിച്ചപ്പോൾ അതിനെ സമിതി ശക്തമായി എതിർത്തതാണ്. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും ഭൂസംരക്ഷണ സമിതി ഭാരവാഹികളും എസ്എൻഡിപി യൂണിയൻ നേതൃത്വവും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണു മുഖ്യമന്ത്രി ഉറപ്പു നൽകിയത്.
ഭൂനികുതി അടച്ചു പോക്കുവരവ് ചെയ്ത് താമസിക്കുന്ന 610 കുടുംബങ്ങൾക്ക് ഒരു നോട്ടീസ് പോലും നൽകാതെ ഏകപക്ഷീയമായി റവന്യു അവകാശങ്ങൾ നിഷേധിച്ചത് റവന്യു വകുപ്പ് നിയമോപദേശം തേടാതെയാണ്.
മുനമ്പം തീരജനതയ്ക്ക് നീതി നിഷേധിക്കപ്പെട്ടു. അടിയന്തരമായി സർക്കാർ ഇടപെടലിലൂടെ നീതി നടത്തിത്തരണമെന്നും ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ പാലക്കലും സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരിയും ആവശ്യപ്പെട്ടു.
ഇതിനിടെ, തങ്ങളുടെ ഭൂമിയിലെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനുള്ള സമരം വ്യാപിപ്പിക്കാൻ ഇന്നലെ മുനന്പം വേളാങ്കണ്ണിമാതാ പള്ളി വികാരി ഫാ. ആന്റണി സേവ്യർ തറയിലിന്റെ അധ്യക്ഷതയിൽ സമരപ്പന്തലിൽ നടന്ന യോഗം തീരുമാനിച്ചു.
14 ജില്ലകളിലും കളക്ടറേറ്റ് മാർച്ച്, ധർണ, കടലിൽ നിരാഹാരം, മുനമ്പം സമരപ്പന്തൽ മുതൽ സെക്രട്ടേറിയറ്റ് വരെ പദയാത്ര എന്നിവയുൾപ്പെടെയുള്ള സമരപരിപാടികൾ ആലോചിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.