വീട്ടിൽ കയറി വിദ്യാർഥിയെ കുത്തിക്കൊന്നു
Tuesday, March 18, 2025 1:47 AM IST
കൊല്ലം: വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഉളിയകോവില്‍ വിളപ്പുറം മാതൃക നഗര്‍ 160ല്‍ ജോര്‍ജ് ഗോമസിന്റെ മകന് ഫെബിന് ജോര്‍ജ് ഗോമസ് (അപ്പു-22) ആണ് കൊല്ലപ്പെട്ടത്. ചവറ പരിമണം സ്വദേശിയായ തേജസ് രാജ് ആണ് ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കാറില്‍ പര്‍ദ ധരിച്ചെത്തിയ തേജസ് ഫെബിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തടയാനെത്തിയ ഫെബിന്റെ പിതാവ് ജോര്‍ജ് ഗോമസിനും പരിക്കേറ്റു. തേജസ് കൈയില്‍ പെട്രോളും കരുതിയിരുന്നു. ഇത് ഗോമസിനുമേൽ ഒഴിച്ചു.
കുത്തേറ്റ ഫെബിന് പ്രാണരക്ഷാര്‍ഥം വീടിനു പുറത്തേക്ക് ഓടി. മുന്നിലെ റോഡില്‍ വീഴുകയായിരുന്നു. ഇതിനു സമീപത്തുനിന്നും ഫെബിനെ കുത്തിയ കത്തി ലഭിച്ചിട്ടുണ്ട്. ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്.
തടയാന്‍ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫെബിന്റെ ജീവന് രക്ഷിക്കാനായില്ല. പിതാവ് ചികിത്സയിലാണ്.
കുത്തിയശേഷം കാറില്‍ കടന്ന തേജസ് കടപ്പാക്കട ചെമ്മാന്മുക്കില് റെയില്‍വേ പാളത്തിന് സമീപം കാര്‍ ഉപേക്ഷിച്ച് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്കും പിന്നീട് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം ഫാത്തിമമാതാ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയായിരുന്നു ഫെബിന് ജോര്‍ജ് ഗോമസ്. ഫുഡ് ഡെലിവറി ബോയ് ആയും ഫെബിന് ജോലി ചെയ്തിരുന്നു. ഫെബിന്റെ അമ്മ ഡെയ്സി. സഹോദരി: ഫ്ലോറിന്.
പരിമണം തെക്കേടത്ത് വീട്ടില്‍ ഗ്രേഡ് എസ്ഐ രാജു - ചിഞ്ചു ദമ്പതികളുടെ മകനാണ് തേജസ് രാജ്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.