നെല്ലുസംഭരണം അട്ടിമറിക്കുന്നത് തടയണം: ജോസ് കെ. മാണി
Monday, March 17, 2025 5:07 AM IST
കോട്ടയം: ഒരു ക്വിന്റല്‍ നെല്ലിന് രണ്ടു മുതല്‍ ആറു കിലോവരെ കിഴിവ് നിശ്ചയിച്ച് ഇടത്തട്ടുകാരും മില്ലുകാരുടെ ഏജന്റുമാരും കര്‍ഷകരില്‍നിന്നു നെല്ലു വാങ്ങി സര്‍ക്കാരിന്റെ നെല്ല് സംഭരണം അട്ടിമറിക്കുന്നത് കര്‍ശനമായി തടയണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി.
നിലവിലെ കാലാവസ്ഥയനുസരിച്ച് നനവോ ഈര്‍പ്പമോ ഇല്ലാതെയാണ് നെല്ല് കൊയ്തെടുത്ത് മെതിക്കുന്നത്. ഈ നെല്ലിനാണ് മഴക്കാലത്തേക്കാള്‍ തൂക്കക്കിഴിവ് ഇടത്തട്ടുകാരും ഏജന്റുമാരും ബലമായി നിശ്ചയിക്കുന്നത്.
ഗുണ്ടാസംഘങ്ങളെപ്പോലെയാണ് പല പാടശേഖരങ്ങളിലും ഇക്കൂട്ടര്‍ പെരുമാറുന്നത് എന്നാണ് കര്‍ഷകരുടെ പരാതി. ഏജന്റുമാര്‍ കൊണ്ടുവരുന്ന യന്ത്രസംവിധാനത്തില്‍ മാത്രമേ ഇവര്‍ ഈര്‍പ്പം നിര്‍ണയിക്കുകയുള്ളൂ.
ഏജന്റുമാരെയും ഇടത്തട്ടുകാരെയും നെല്‍സംഭരണ പ്രക്രിയയില്‍നിന്ന് ഒഴിവാക്കാന്‍ നിയമനിര്‍മാണം നടത്തുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയും എല്‍ഡിഎഫില്‍ ഉന്നയിക്കുകയും ചെയ്യുമെന്ന് ജോസ് കെ. മാണി പറഞ്ഞു.